സ്പെയിനിൽ ഭുകമ്പം, മിന്നൽ പ്രളയം, കനത്ത മഴയും
സ്പെയിനില്‍ ഭൂകമ്പം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ സ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. മിന്നല്‍ പ്രളയവും കനത്ത മഴയും ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഭൂകമ്പം. സ്പെയിനിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ അല്‍മേരിയയിലെ ഒരു വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭൂകമ്പത്തെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയിലെ നാശനഷ്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന് അടിയന്തര സേവന സംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. അല്‍മേരിയ തീരത്തെ കാബോ ഡി ഗാറ്റയില്‍ പ്രാദേശിക സമയം രാവിലെ 7.13 ന് ഭൂകമ്പം ഉണ്ടായതായി സ്‌പെയിനിലെ നാഷണല്‍ ജിയോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോസ്റ്റ ഡെല്‍ സോളിലും അലികാന്റെയിലും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ശക്തമായ പ്രകമ്പനം യൂറോപ്യന്‍ മാക്രോസീസ്മിക് സ്‌കെയിലില്‍ IV-V റേറ്റുചെയ്ത മിതമായതോ ശക്തമോ ആയ തീവ്രതയിലെത്തി. പ്രധാന ഭൂകമ്പത്തിന് മിനിറ്റുകള്‍ക്ക് ശേഷം, ഇതുവരെ പതിനെട്ട് തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സ്പാനിഷ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് താല്‍ക്കാലികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു.
അല്‍മേരിയ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിനുള്ളിലെ കഫേയുടെ സീലിംഗിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. സീലിംഗ് ടൈലുകള്‍ തറയിലേക്ക് ഇടിച്ചു വീണു. ‘ വിചിത്രമായ ശബ്ദങ്ങള്‍ കേട്ടു. പിന്നാലെ സീലിംഗ് അടര്‍ന്നുവീണു. തുടര്‍ന്ന് ഒരു വലിയ ഇടിമുഴക്കവുമുണ്ടായി. പെട്ടെന്ന്, പ്രദേശം പൊടി കൊണ്ട് നിറഞ്ഞു,’ ഒരു ജീവനക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.’
ആ സമയത്ത് നിരവധി വിമാനത്താവള ജീവനക്കാര്‍ കഫേയ്ക്കുള്ളിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുര്‍സിയ, ഗ്രാനഡ, മലാഗ, ജെയ്ന്‍ എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രവിശ്യകള്‍. വടക്ക് – കിഴക്കന്‍ സ്‌പെയിനിലെ തെരുവുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കനത്ത മഴയും മിന്നല്‍ പ്രളയവും നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു ഭൂകമ്പം.
സ്‌പെയിനിന്റെ കാലാവസ്ഥാ കേന്ദ്രമായ എഇഎംഇടി ഹ്യൂസ്‌ക, ടെറുവല്‍, സരഗോസ, ബാഴ്സലോണ, ഗിറോണ, ലെയ്ഡ, ടാരഗോണ, കാസ്റ്റെല്ലോണ്‍ എന്നിവിടങ്ങളില്‍ കനത്ത കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ബാഴ്സലോണയ്ക്ക് സമീപം, കാറ്റലോണിയയിലുടനീളമുള്ള തെരുവുകളില്‍ വെള്ളം കയറി. ഇതിനെ തുടര്‍ന്ന് 71 രോഗികളെ പെനെഡെസ് റീജിയണല്‍ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചു.
ശനിയാഴ്ച ബാഴ്സലോണയില്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 155 മില്ലിമീറ്റര്‍ മഴ പെയ്തു. നവാരയില്‍ 97 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. സരഗോസയിലും ജിറോണയിലും കനത്ത മഴ രേഖപ്പെടുത്തി.