|

മാലിന്യത്തിൽ നിന്നുള്ള ഊർജ ഉൽപ്പാദനം; പുതിയ മാർഗ നിർദ്ദേശവുമായി ഊർജ്ജ മന്ത്രാലയം

Spread the News

ദേശീയ ജൈവ ഊർജ്ജ പരിപാടിയ്ക്ക് (National Bioenergy Programme) കീഴിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം (Waste-to-Energy -WtE) ഉത്പാദിപ്പിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പുറപ്പെടുവിച്ചു.

ഇന്ത്യയിൽ മാലിന്യത്തിൽ നിന്നുള്ള ഊർജ്ജ ഉത്പാദനത്തിൽ കൂടുതൽ കാര്യക്ഷമവും സുതാര്യവും പ്രകടനാധിഷ്ഠിതവുമായ ആവാസവ്യവസ്ഥ വളർത്തിയെടുക്കുക എന്നതാണ് ഈ പരിഷ്ക്കാരങ്ങളുടെ ലക്ഷ്യം.


നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും, സാമ്പത്തിക സഹായം ത്വരിതപ്പെടുത്തുന്നതിലൂടെയും, പ്ലാന്റിന്റെ പ്രകടനത്തിനനുസൃതമായ പിന്തുണ ലഭ്യമാക്കുന്നതിലൂടെയും, പൊതു, സ്വകാര്യ മേഖലകളുടെ ബിസിനസ്സ് സുഗമമാക്കുന്നതിനായാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ ചട്ടക്കൂടിന് കീഴിൽ, മന്ത്രാലയം നിരവധി പ്രക്രിയകൾ ലളിതമാക്കിയിട്ടുണ്ട്, അവയിൽ കടലാസ് ജോലികൾ കുറയ്ക്കുക, അനുവർത്തന ആവശ്യകതകൾ ലഘൂകരിക്കുക എന്നിവ ഉൾപ്പെടുന്നു, ഇത് വ്യവസായത്തിന് പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (MSME) CBG, ബയോഗ്യാസ്, വൈദ്യുതി എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായകമാകും.


വൈക്കോൽ, വ്യാവസായിക മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ സംസ്ക്കരണത്തിലെ പുരോഗതിയുമായും 2070 ഓടെ പൂജ്യം കാർബൺ ബഹിർഗമനം കൈവരിക്കുക എന്ന ഇന്ത്യയുടെ വിശാലമായ ലക്ഷ്യവുമായും പുതിയ മാറ്റങ്ങൾ യോജിക്കുന്നു.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന സവിശേഷത കേന്ദ്ര സാമ്പത്തിക സഹായം (CFA) ലഭിക്കുന്നതിനുള്ള മെച്ചപ്പെട്ട സംവിധാനമാണ്. 80% ഉത്പാദനം കൈവരിക്കുന്നതിനായി സംരംഭകർ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, പ്ലാന്റ് പ്രകടനത്തെ അടിസ്ഥാനമാക്കി CFA നൽകും വിധം പദ്ധതിയുടെ വ്യവസ്ഥകളിൽ ഇളവ് നൽകിയിട്ടുണ്ട്.


സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനായി 80% ഉത്പാദനം സാധ്യമാകുന്നത് വരെ,കമ്പനികൾക്ക് കാത്തിരിക്കേണ്ടതുണ്ടായിരുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് ഘട്ടങ്ങളായി CFA വിതരണം ചെയ്യാനുള്ള വ്യവസ്ഥയുണ്ട്.

പദ്ധതികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക്, ബാങ്ക് ഗ്യാരണ്ടി പകരമായി നൽകി മൊത്തം CFA യുടെ 50% ലഭിക്കും. ബാക്കിയുള്ള CFA, മൊത്തം ശേഷിയുടെ 80% അല്ലെങ്കിൽ പരമാവധി CFA അർഹതയ്ക്കുള്ള ശേഷി, ഏതാണോ കുറവ് അത് നേടിയതിന് ശേഷം നൽകും.


പ്രകടന പരിശോധനയിൽ മുകളിൽ പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും ഒരു പ്ലാന്റ് 80% ഉത്പാദനം നേടിയില്ലെങ്കിൽ പോലും, ഉത്പാദന ശതമാനത്തെ അടിസ്ഥാനമാക്കി ആനുപാതികാടിസ്ഥാനത്തിൽ വിതരണം ചെയ്യാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, PLF <50% ആണെങ്കിൽ CFA നൽകില്ല.

ഈ മാറ്റം യഥാർത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും പ്രവർത്തന കാലയളവിൽ സാമ്പത്തിക ലഭ്യതയും പ്രായോഗികതയും വാഗ്ദാനം ചെയ്തുകൊണ്ട് സംരംഭകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.


മെച്ചപ്പെട്ട വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിന് പരിശോധനാ പ്രക്രിയയും പരിഷ്ക്കരിച്ചിട്ടുണ്ട്. MNRE യുടെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-എനർജി (SSS-NIBE), അതത് സംസ്ഥാന നോഡൽ ഏജൻസികൾ (SNAs), ബയോഗ്യാസ് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ (BTDCs), MNRE എംപാനൽ ചെയ്ത ഏജൻസികൾ എന്നിവയുടെ സംയുക്ത പരിശോധനകൾ പുതുക്കിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു.

കമ്മീഷൻ ചെയ്ത തീയതി മുതൽ 18 മാസത്തിനുള്ളിൽ, അല്ലെങ്കിൽ CFA തത്വത്തിൽ അംഗീകരിച്ച തീയതി മുതൽ, ഏതാണോ അവസാനം വരുന്നത്, അത് വരെയുള്ള കാലയളവിൽ CFA അവകാശപ്പെടുന്നതിനുള്ള സൗകര്യം സംരംഭകർക്ക് ഈ പരിഷ്ക്കരണത്തിലൂടെ ലഭിക്കുന്നു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *