മഴയോ,……. മഴ നാളെ പാലക്കാട് ജില്ലയിൽ സ്കൂളുകൾക്ക് അവധി
പാലക്കാട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ജില്ലയിലെ അംഗനവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
അതേസമയം കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കും. ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവധിക്കാലത്ത് കുട്ടികള്‍ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടില്‍ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ടര്‍ഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം നിന്ന് സെല്‍ഫിയെടുക്കുന്നതില്‍ നിന്നും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തി ദിവസങ്ങള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.