രാഹുലിന്റെ രാജിയിലും പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഇന്ന് തീരുമാനം
മോശം പെരുമാറ്റത്തിന്റെ പേരിൽ ഒന്നിലധികം സ്ത്രീകൾ പരാതി ഉന്നയിക്കുകയും പരസ്യമായി രംഗത്ത് വരികയും ചെയ്ത സംഭവത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാർട്ടിക്കുള്ളിൽ സമ്മർദ്ദമേറുന്നു. രാഹുൽ നിയമസഭാംഗത്വം രാജിവയ്ക്കണം എന്നാണ് പല നേതാക്കളും ഉന്നയിച്ച ആവശ്യം. നിലവിൽ അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ മാങ്കൂട്ടം തിരുവനന്തപുരത്തേക്ക് തിരിക്കും. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് വിവരം.
അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിയുമായി നേതാക്കൾ ശക്തമായി രംഗത്തുണ്ട്. അബിൻ വർക്കി, കെഎം അഭിജിത്, ബിനു ചുള്ളിയിൽ തുടങ്ങിയവരുടെ പേരുകളാണ് കൂടുതൽ ഉയർന്നുകേൾക്കുന്നത്. അതിൽ തന്നെ അബിൻ വർക്കി സമ്മർദ്ദം ശക്തമാക്കുന്നുണ്ട്. നാൽപതോളം വരുന്ന ഭാരവാഹികളുടെ പിന്തുണയും ഇയാൾക്കുണ്ട്. അഭിജിത്തിനായി കോഴിക്കോട് എംപി എംകെ രാഘവൻ ഉൾപ്പെടെ രംഗത്തുണ്ടെന്നാണ് സൂചന.
എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തമാവുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്. ഇന്ന് രാഹുൽ തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.