പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍ കഴുകിച്ചതെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ആരോപിച്ചു. പൊതുസമൂഹം ഇതിനെതിരെ രംഗത്തുവരണം എന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ: ”ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാസര്‍ഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.ഇത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്. സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.