സത്യം പാലിച്ച സത്യപാൽമാലിക്, അന്തരിച്ചു
പേരിനെ അന്വർഥമാക്കും വിധം കക്ഷി രാഷ്രീയത്തിന്റെ നിറം നോക്കാതെ വിഷയത്തിന്റെ ശരി – തെറ്റുകളും സത്യവും ഉയർത്തിപ്പിടിച്ച ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമ്മുകാശ്മീർ കൂടാത ഗോവയുടേയും മേഘാലയുടേയും ഗവർണാറയും സത്യപാൽ മാലിക് പ്രവർത്തിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ ജീവിതം തുടങ്ങിയ സത്യപാൽ മാലിക് 1974ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ അദ്ദേഹം, ബാഗ്പത് മണ്ഡലത്തിൽ തന്നെയാണ് മത്സരിച്ച് വിജയിച്ചത്. ചൗധരി ചരൺ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിലാണ് മത്സരിച്ചത്. 1980-ൽ രാജ്യസഭ എംപിയായി. പിന്നീട് പാർട്ടി വിട്ട അദ്ദേഹം 1984-ൽ കോൺഗ്രസിൽ ചേർന്നു. 1986 ൽ കോൺഗ്രസ് അംഗമായി വീണ്ടും 2004 ലാണ് ബി ജെ പിയിലെത്തുന്നത്.
2017 ൽ ബിഹാറിലാണ് മാലിക്കിനെ ആദ്യമായി ഗവർണറായി നിയമിക്കുന്നത്.2018- 2019 കാലഘട്ടത്തിലാണ് ജമ്മുകാശ്മീരിന്റെ ഗവർണറായി സത്യപാൽ പ്രവർത്തിച്ചത്. അദ്ദേഹം ഗവർണറായി ഇരിക്കുമ്പോഴാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതും.
പിന്നീട് സത്യപാല്‍ മാലിക് ഗോവ ഗവര്‍ണറായും മേഘാലയ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.
ബിജെപിയിലായിരുന്നപ്പോഴും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ സത്യപാൽ തുറന്നടിച്ചിരുന്നു. നരേന്ദ്ര മോദിയെയും അമിത് ഷായെയും ബി ജെ പിയേയും, ആര്‍ എസ് എസിനേയുമെല്ലാം പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ സത്യപാൽ നടത്തിയിട്ടുണ്ട്.
കശ്മീര്‍ ഗവര്‍ണറായിരിക്കെ അംബാനിയുടെയും ആര്‍ എസ് എസിലെ പ്രമുഖ നേതാവിന്റെയും രണ്ട് ഫയലുകള്‍ ക്ലിയര്‍ ചെയ്തു നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം വന്നിരുന്നുവെന്ന സത്യപാലിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിൽ നരേന്ദ്ര മോദിക്കെതിരേയും സത്യപാൽ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ വീഴ്ചകളാണ് അക്രമണത്തിന് കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 2020 ല്‍ ഗോവ ഗവര്‍ണറായപ്പോള്‍ ബി ജെപി ഭരിക്കുന്ന സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മേഘാലയ ഗവർണറായിരിക്കുമ്പോൾ അദ്ദേഹം കർഷക സമരത്തെ പിന്തുണച്ചതും ബിജെപിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് ഭാരത് ജോഡോ യാത്രയ്ക്കും മാലിക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.