|

ഇവിടുണ്ട് സ്വർണ്ണം;  ഒഡീഷ, ആന്ധ്ര, കർണാടകം, യു.പി, ജാർഖണ്ഡ് – ലേല നടപടി പുരോഗമിക്കുന്നു

Spread the News

സ്വര്‍ണം എത്രത്തോളം കൈവശമുണ്ടോ അത്രയും ആത്മവിശ്വാസമാണ് വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും. ഓരോ രാജ്യവും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിച്ചു വരികയാണ്. സ്വര്‍ണത്തിന് വില കൂടാന്‍ കാരണവും ഇതുതന്നെ. വ്യക്തികള്‍ വാങ്ങുന്നത് മാത്രമല്ല സ്വര്‍ണവില കൂടാന്‍ കാരണം. ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങുന്നത്.

ഇന്ത്യ കഴിഞ്ഞ വര്‍ഷം 700-800 മെട്രിക് ടണ്‍ സ്വര്‍ണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കിയത്. ഏറ്റവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്ന ആസ്തിയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെയാണ് എല്ലാ രാജ്യങ്ങളും വാങ്ങുന്നത്. കൊവിഡിന് ശേഷമാണ് സ്വര്‍ണത്തിന്റെ മാന്ത്രിക ശക്തി എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞത്. എന്നാല്‍ ഇന്ത്യയ്ക്ക് ഇനി അധികകാലം ഇറക്കേണ്ടി വരില്ല. വലിയ സ്വര്‍ണ ശേഖരം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍…

ഒഡീഷയിലെ ആറ് ജില്ലകളിലാണ് സ്വര്‍ണശേഖരം കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ പര്യവേക്ഷണം തുടരുകയും ചെയ്യുന്നു. ഏകദേശം 20 മെട്രിക് ടണ്‍ സ്വര്‍ണം ആറ് ജില്ലകളില്‍ നിന്ന് ഖനനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.

ദിയോഗഡ്, സുന്ദര്‍ഗഡ്, നബറങ്പൂര്‍, കിയോന്‍ജാര്‍, അങ്കുല്‍, കോരാപുത് എന്നിവിടങ്ങളില്‍ സ്വര്‍ണമുണ്ട് എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, മയുര്‍ബഞ്ജ്, മല്‍ക്കന്‍ഗിരി, സാംബല്‍പൂര്‍, ബൗധ് എന്നിവിടങ്ങളില്‍ പരിശോധന നടന്നുവരുന്നു. സ്വര്‍ണം കണ്ടെത്തിയ കാര്യം ഖനന മന്ത്രി ബിഭൂതി ഭൂഷണ്‍ ജെനയാണ് സ്ഥിരീകരിച്ചത്. ഇനി ഖനനത്തിന് ഒരുങ്ങുകയാണ് ഒഡീഷ സര്‍ക്കാര്‍. ലേലം വിളിക്കാനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞു.

ഇന്ത്യയില്‍ സ്വര്‍ണ ഉല്‍പ്പാദനം വളരെ കുറവാണ്. പല സംസ്ഥാനങ്ങളിലും സ്വര്‍ണമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറഞ്ഞ അളവില്‍ മാത്രമാണ് ഉല്‍പ്പാദനം. 2020ല്‍ 1.6 ടണ്‍ സ്വര്‍ണം മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. അതേസമയം, ഒഡീഷയിലെ ഖനനം തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ദിയോഗഡിലെ ഖനിയാണ് ആദ്യം ലേലം ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ധാതു ഖനനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.

ഒഡീഷയില്‍ നിന്ന് സ്വര്‍ണ ഖനനം കൂടി സാധ്യമായാല്‍ പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഖനന മേഖലയില്‍ അടിസ്ഥാന സൗകര്യവികസനങ്ങള്‍ കൂടുതലായി വേണ്ടി വരുമെന്നാണ് കരുതുന്നത്. അടുത്തിടെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിരുന്നു. എത്രത്തോളം സ്വര്‍ണമുണ്ട് എന്ന് മനസിലാക്കാന്‍ ഇവിടെ വിശദമായ പഠനം നടന്നുവരികയാണ്.

ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഖനികളിലൊന്ന് കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹുട്ടി ഗോള്‍ഡ് മൈന്‍ ആണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്), ഗദക് സ്വര്‍ണ ഖനികളും കര്‍ണാടകയിലാണ്. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും സ്വര്‍ണ ഖനിയുണ്ട്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ രാംഗിരി, ചിഗര്‍ഗുണ്ട-ബിസനാതം സ്വര്‍ണ ഖനികള്‍ പ്രശസ്തമാണ്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് പറാസി സ്വര്‍ണ ഖനി.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *