ശനിയാഴ്ച്ചയും അവധി: സർക്കാരിനും സംഘടനകൾക്കും ആലോചനാമൃതം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രതിവാര പ്രവര്‍ത്തനം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് ആലോചിക്കുന്നു. ശനിയാഴ്ച കൂടി പൊതു അവധിയാക്കുന്നതാണ് പരിഗണനയില്‍. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സര്‍വീസ് സംഘടനകള്‍ക്ക് അയച്ചു.
സെപ്തംബര്‍ 11ന് വൈകീട്ട് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളിലാണ് യോഗം ചേരുക. അഭിപ്രായങ്ങള്‍ നേരത്തെ അറിയിക്കാന്‍ ഒരു ഇമെയില്‍ ഐഡിയും പൊതുഭരണ വകുപ്പ് കൈമാറിയിട്ടുണ്ട്. സര്‍വീസ് സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കല്‍ പ്രക്രിയയിലേക്ക് കടക്കുമെന്നാണ് സൂചന. എന്താണ് ഇതുകൊണ്ടുള്ള നേട്ടം…
യോഗം നടക്കുന്നതിന് മുമ്പ് സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം നടത്തുമെന്നാണ് കരുതുന്നത്. രണ്ടാംശനി നിലവില്‍ പൊതു അവധിയാണ്. നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്. അതിനിടെയാണ് എല്ലാ ശനിയാഴ്ചകളും അവധിയാക്കാനുള്ള ചര്‍ച്ച. എന്തൊക്കെ ക്രമീകരണങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക?
ഒരു ആഴ്ചയില്‍ ജോലി ചെയ്യേണ്ട മൊത്തം മണിക്കൂറുകളില്‍ മാറ്റം വരാത്ത രീതിയിലാകും സമയം ക്രമീകരിക്കുക എന്നാണ് വിവരം. നേരത്തെ ഭരണപരിഷ്കാര കമ്മീഷന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു എങ്കിലും നടന്നില്ല. ഇപ്പോള്‍ പൊതുഭരണ വകുപ്പ് നടപടികള്‍ തുടങ്ങുകയാണ്. ഓരോ ദിവസവും ജോലി സമയം കൂട്ടിയാകും ക്രമീകരണം വരുത്താന്‍ സാധ്യത.ആകെയുള്ള അവധികളുടെ എണ്ണം കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യും.
സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ രാവിലെയും വൈകീട്ടും 15 മിനുട്ട് വീതം അധികമായി എടുക്കാനാണ് തീരുമാനിച്ചത്. സമാനമായ രീതി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും വരുമോ എന്നാണ് അറിയേണ്ടത്. ശനിയാഴ്ചയ്ക്ക് പകരം ഓരോ ദിവസവും ഒരു മണിക്കൂര്‍ കൂട്ടി പരിഹാര ഫോര്‍മുല തയ്യാറാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് ചിലപ്പോള്‍ രാവിലെയും വൈകീട്ടുമായി വീതിച്ചേക്കും. നേരത്തെ ഈ വിഷയത്തിലാണ് ചര്‍ച്ചകള്‍ നിലച്ചുപോയിരുന്നത്.
ആഴ്ചയില്‍ രണ്ട് അവധി വരുന്നതോടെ ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വാഹനങ്ങള്‍ കുറയ്ക്കാം, വൈദ്യുതി ഉപയോഗം കുറയ്ക്കാം, മറ്റു അധിക ചെലവുകള്‍ ഇല്ലാതാക്കാം എന്നതെല്ലാം സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ടത്രെ. അതേസമയം, നിലവില്‍ ശനിയാഴ്ച ഉച്ചയോടെ സര്‍ക്കാര്‍ ഓഫീസുകള്‍ കാലിയാകുന്ന സാഹചര്യവുമുണ്ട്. ഇക്കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് വിവരം.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങള്‍ വെട്ടിച്ചുരുക്കിയ ചില രാജ്യങ്ങളുണ്ട്. യുഎഇയിലെ ദുബായ് എമിറേറ്റ്സ് ഇത്തരം നടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഫലമായി ജീവനക്കാരുടെ ക്രിയാത്മകത വര്‍ധിച്ചു എന്നും കണ്ടെത്തി. അവധി ലഭിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ചെലവ് കൂടുമെന്നും വിപണി സജീവമാകുമെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.