വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്
കൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി പറഞ്ഞു എന്നാണ് പരാതിക്കാര്‍ ഉന്നയിച്ച ഒരു ആരോപണം. കൂടാതെ മുസ്ലിം സമൂഹത്തെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.
എറണാകുളം വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പാലാരിവട്ടം പോലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന നിബന്ധനയോടെ ഹൈക്കോടതിയാണ് അന്ന് ജാമ്യം അനുവദിച്ചത്. അതിനിടെ തിരുവനന്തപുരത്തും സമാനമായ കേസില്‍ പിസി ജോര്‍ജ് പ്രതിയായി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പിസി ജോര്‍ജിനെതിരെ പരാതി ഉയര്‍ന്നിരുന്നു
ഏറ്റവും ഒടുവിലാണ് തൊടുപുഴയിലെ വിവാദ പ്രസംഗം. യൂത്ത് കോണ്‍ഗ്രസ് നേതാവ് അനീഷ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് തൊടുപുഴ കോടതിയെ സമീപിച്ചത്. കഴിഞ്ഞാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് പ്രതികരണം അറിയിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന്റെ നിയമ വശം പഠിക്കുകയാണ് എന്ന് പോലീസ് അറിയിച്ചെങ്കിലും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
കോടതി ഇടപെട്ടതോടെ തൊടുപുഴ പോലീസിന് പിസി ജോര്‍ജിനെതിരെ കേസെടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇതുവരെ നീട്ടിക്കൊണ്ടുപോയ പോലീസിന് ഇനി ത്വരിത നടപടികളിലേക്ക് കടക്കേണ്ടി വരും. അല്ലെങ്കില്‍ പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കേസെടുത്തു കഴിഞ്ഞാല്‍ അറസ്റ്റ് നടപടിയാകും പോലീസിന്റെ അടുത്ത നീക്കം.
സമാനമായ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കെ, മറ്റൊരു കേസില്‍ കൂടി പ്രതിയാകുക എന്നത് പിസി ജോര്‍ജിന് വലിയ തിരിച്ചടിയാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്ന് അടുത്തിടെ പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നു എന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. തൊടുപുഴയില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഇത് പിസി ജോര്‍ജിന് ഹൈക്കോടതിയെ സമീപിക്കുന്നതിനും വെല്ലുവിളിയാകും.
തൊടുപുഴ കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തെളിയുകയാണ്. കൂടാതെ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുമെന്നതും ഇനി നിര്‍ണായകമാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയാല്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തെളിയും. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുകയാകും പിസി ജോര്‍ജിന് മുന്നിലുള്ള വഴി.