മഴയും മണ്ണിടിച്ചിലും ഹിമാചലിൽ 85 മരണം
കഴിഞ്ഞ 20 ദിവസത്തിനിടെ തുടർച്ചയായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശിൽ 85 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 34 പേരെ കാണാതായതായും 129 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. പൂർണ്ണമായും തകർന്ന 404 വീടുകളിൽ 397 എണ്ണം മാണ്ഡിയിൽ നിന്നാണ്. 751 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു, അതിൽ 719 എണ്ണം മാണ്ഡിയിലാണ്. വാണിജ്യ സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായി, 233 കടകളും ഫാക്ടറികളും തകർന്നു, മാണ്ഡിയിൽ മാത്രം 203 എണ്ണം.
പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 15 ദിവസത്തിനിടെ ഉണ്ടായ വെള്ളപ്പൊക്കത്തിലും മേഘസ്ഫോടനത്തിലും കുളു, മാണ്ഡി, ചമ്പ ജില്ലകളിലായി 10 മുതൽ 15 മീറ്റർ വരെ നീളമുള്ള 10 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ പാലങ്ങൾ വകുപ്പ് പുനർനിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.