മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനെ അവസാന നോക്ക് കാണാൻ ഇന്ന് രാവിലെയോടെയാണ് വിദേശത്ത് നിന്ന് അമ്മ എത്തിയത്. അതീവ ദുഃഖകരമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അടുത്ത ബന്ധുക്കളും അന്‍വര്‍ സാദത്ത് എംഎല്‍എയുമാണ് ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളുടെ നീണ്ട നിരയും അവിടെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ മാധ്യമങ്ങൾ ഈ സമയത്ത് മര്യാദ കാണിച്ചില്ലെന്ന് വിമർശിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ ആർത്തലച്ചു കരഞ്ഞു തളർന്നു വീഴുന്നുണ്ട്. പോലീസുകാർ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവർത്തകർ നടക്കാൻ പോലും അവരെ സമ്മതിച്ചില്ലെന്ന് ഹണി കുറ്റപ്പെടുത്തി. അവരുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
“രാവിലെ തന്നെ ഹൃദയം നുറുങ്ങി പോകുന്ന ഒരു കാഴ്ച്ച ന്യൂസിൽ കണ്ടതാണ്.
സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച കുഞ്ഞിന്റെ അമ്മ അവസാനമായി മകനെ കാണാൻ പ്രവാസത്തു നിന്നെത്തുന്നു. ചോരാത്ത കൂരയും ചോറും നൽകാൻ മക്കൾക്ക് വേണ്ടി കടൽ കടന്നു പോയ സ്ത്രീയാണ്. അതിലൊരു കുഞ്ഞിനെ കാണാൻ പോകുന്നത് ജീവനില്ലാതെയാണ്.
എയർപോർട്ടിൽ വന്നെത്തുമ്പോ അവരെ കടന്നൽക്കൂട്ടം പോലെ വളയുന്ന മാധ്യമ പ്രവർത്തകർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ ആർത്തലച്ചു കരഞ്ഞു തളർന്നു വീഴുന്നുണ്ട്. പോലീസുകാർ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവർത്തകർ നടക്കാൻ പോലും അവരെ സമ്മതിക്കുന്നില്ല.
ഇന്നലെ കുട്ടിയുടെ അച്ഛന്റെ വായിലേക്ക് മൈക്ക് തിരുകുമ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു അടുത്ത് നിൽക്കുന്നവന്റെ തോളിൽ വീണ് കൊണ്ടു പറയുന്നുണ്ട്. “സ്‌കൂളിലേക്ക് യാത്ര പറഞ്ഞു പോയ കുഞ്ഞാണ്. പിന്നെ കാണുന്നത് ഇങ്ങനെയാണ്. എനിക്ക് വേറൊന്നും അറിയാൻ പാടില്ല”.
സത്യത്തിൽ ഈ രംഗങ്ങൾ ഷൂട്ട് ചെയ്തില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നം എന്താണ്? നിങ്ങൾക്കല്ലാതെ ആർക്കാണ് അവരുടെ കണ്ണീരും തളർച്ചയും കാണേണ്ടത്? അവരുടെ വായിൽ കോലിട്ട് കുത്തിയിട്ട് എന്തു വാർത്തയാണ് നിങ്ങൾക്ക് കിട്ടാൻ ഉള്ളത്? പറഞ്ഞു തരാമോ? മനസാക്ഷി മരക്കൊമ്പിൽ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകരാകരുത്…..! മോശമാണ് ഇതൊക്കെ… വളരെ വളരെ മോശം.