അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി വരുന്നു
യു എ ഇ: സുരക്ഷാ ലക്ഷ്യമിട്ട് അധികൃതർ ദുബായിൽ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങുന്നു. കെട്ടിട സുരക്ഷയും താമസക്കാരുടെ എണ്ണം നിയന്ത്രിക്കുക എന്നതുമാണ് ലക്ഷ്യം. കൂടാതെ നിയമലംഘനം തുടർന്നാൽ കനത്ത പിഴയും ചുമത്തും.
താഴ്ന്ന വരുമാനക്കാർക്ക് ഇത് വെല്ലുവിളിയാകുമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിട സുരക്ഷ ഉറപ്പാക്കുന്നതിനും താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. നിയമവിരുദ്ധമായ ഇത്തരം പാർട്ടീഷനുകൾ കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയെ ബാധിക്കുമെന്നും അമിത താമസക്കാർ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയാകുമെന്നും അധികൃതർ വ്യക്തമാക്കി.
അനുമതിയില്ലാതെ കൂടുതൽ മുറികളാക്കി വാടകയ്ക്ക് നൽകുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ. കൂടാതെ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ലംഘനങ്ങൾ തുടരുന്നതിനിടയിലാണ് ഇപ്പോൾ കർശന നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിലെ കുറഞ്ഞ വരുമാനക്കാരാണ് ഇത്തരം മുറികളിൽ താമസിക്കുന്നത് . എന്നാൽ നടപടി ശക്തമാകുന്നതോടെ ഇവർ ആശങ്കയിലാണ് .
ഇത്തരം മുറി പാർട്ടീഷനുകൾ അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവ നീക്കം ചെയ്യാനാണ് നിലവിലെ ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെ എമിറേറ്റിലുടനീളം ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
നടപടികൾക്ക് മുന്നോടിയായി കെട്ടിട ഉടമകൾക്ക് വിപുലമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഔദ്യോഗിക കത്തുകൾ വഴിയാണ് അറിയിപ്പുകൾ നൽകിയത്. റെസിഡൻഷ്യൽ യൂണിറ്റുകൾക്കുള്ളിൽ നിയമവിരുദ്ധമായ ഘടനാപരമായ മാറ്റങ്ങളോ പാർട്ടീഷനുകളോ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പുകളിൽ വിശദമാക്കിയിട്ടുണ്ട്.
അനധികൃത പാർട്ടീഷൻ മുറികൾ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കും താമസക്കാരുടെ ആരോഗ്യത്തിനും ഭീഷണിയാണെന്ന് കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ഇത്തരം ഭിത്തികൾ കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിതിയെ ബാധിക്കാം. ഒരു അപ്പാർട്ട്‌മെന്റിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ താമസിക്കുന്നത് വൈദ്യുതി, വെള്ളം, ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് അമിതഭാരം വരുത്തും.
അതേസമയം ഇത് തീപിടിത്തം പോലുള്ള അപകടങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും സൃഷ്ടിക്കും. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഒഴിപ്പിക്കുന്നതിനു ഇത് തടസ്സമാകുകയും ചെയ്യും. നിയമലംഘകർക്കെതിരെ നടപടികൾ ശക്തമാകുന്നതോടെ, ദുബായിൽ ഒരു അപ്പാർട്ട്‌മെന്റിൽ പാർട്ടീഷനോ മാറ്റമോ ഉണ്ടാക്കുന്നതിന് വാടകക്കാരും വീട്ടുടമസ്ഥരും ആവശ്യമായ അനുമതികൾ നേടേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. അല്ലാത്തപക്ഷം കനത്ത പിഴകൾ ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാക്കും.
കൂടാതെ താഴ്ന്ന വരുമാനക്കാർക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രതിമാസം 600 ദിർഹം മുതൽ വാടകയ്ക്ക് ലഭിക്കുന്ന ഇത്തരം മുറികളാണ് അവർക്ക് താങ്ങാനാവുന്ന താമസസൗകര്യം നൽകുന്നത്. എന്നിരുന്നാലും ഈ രീതി, നിയമങ്ങൾ ലംഘിക്കുന്നതിനും താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതിനും കാരണമാകുന്നുവെന്നു ദുബായ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ യുഎഇയിൽ സമാനമായ അപകടങ്ങൾ നടക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
മുന്നറിയിപ്പുകൾ അവഗണിച്ച് നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പരിശോധനകൾ ശക്തമാക്കുമെന്നും പിഴ ചുമത്തുമെന്നും അധികൃതർ ആവർത്തിച്ചു. താഴ്ന്ന വരുമാനക്കാർക്ക് സുരക്ഷിതവും നിയമപരവുമായ മറ്റ് താമസ സൗകര്യങ്ങൾ കണ്ടെത്താൻ അധികൃതർ സഹായിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.