ആദായനികുതി; വാർഷിക വരുമാനം കുറച്ചു കാണിച്ചാൽ നിരീക്ഷണം
ന്യൂഡൽഹി: ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായനികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
ഒരുകോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവർ 7 ലക്ഷത്തിൽ കൂടുതലുണ്ട് . നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരുകോടി രൂപയുടെ വരുമാനം കാണിച്ച് ആദായനികുതി റിട്ടേൺ നൽകുന്നത് . 2022 -23 സാമ്പത്തിക വർഷത്തിൽ 7.97 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50 ലക്ഷവും ഒരുകോടി രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവരുടേതാണ്. അതേസമയം ചെലവുകൾ നിരീക്ഷിച്ചാൽ അതിനനുസരിച്ചുള്ള വരുമാനം കാണിക്കുന്നില്ല എന്നതാണ് നികുതി വകുപ്പിന്റെ കണ്ടെത്തൽ . ഇവരുടെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ടി സി എസ് ,ടി ഡി എസ് എന്നിവയും പരിശോധിച്ചുവരികയാണ് .

വിദേശത്തേക്ക് പണം അയക്കുന്നതും ജിഎസ്ടി കണക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. കൂടുതൽ പേരെ നികുതിവലയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി സൂക്ഷ്മ പരിശോധന കർശനമാക്കാൻ ആണ് ഐടി വകുപ്പിന്റെ നീക്കം . 10 ലക്ഷത്തിന് മുകളിൽ വിലയുള്ള ആഡംബര വസ്തുക്കൾ വാങ്ങുന്നവരിൽ നിന്ന് നിലവിൽ ടി സി എസ് ഈടാക്കുന്നുണ്ട് .
വിലകൂടിയ വാച്ചുകൾ ,സൺഗ്ലാസുകൾ ,ഹാൻഡ് ബാഗുകൾ ,ഷൂസുകൾ ,ഹോം തിയേറ്റർ സിസ്റ്റം തുടങ്ങിയവ വാങ്ങുമ്പോൾ തന്നെ ഉറവിടത്തിൽ നിന്ന് (TDS) നികുതി ഈടാക്കുന്നുണ്ട്. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ -നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്ന സംവിധാനം വഴി വൻകിട ഇടപാട് വിവരങ്ങൾ കണ്ടെത്താനാണ് നികുതി വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവഴി എ ഐ സംവിധാനത്തിലൂടെ നൽകിയ റിട്ടേണുമായി താരതമ്യം ചെയ്താവും വെട്ടിപ്പുകൾ കണ്ടെത്തുക. ഐടിആറിൽ കാണിച്ചതിനേക്കാൾ കൂടുതൽ വരുമാനം ഉള്ളവരെ കണ്ടെത്തുക ആണ് ലക്ഷ്യം . വ്യാജ ബില്ലുകൾ ഉണ്ടാക്കിയും ചെലവുകൾ പെരുപ്പിച്ചു കാണിച്ചും വ്യാപാരികൾ ലാഭം കുറച്ചു കാണിക്കാറുണ്ട് . നികുതിയിളവിനായി വ്യാജ കിഴിവുകൾ ഉൾപ്പെടുത്തി റിട്ടേൺ നൽകുന്നത് വ്യാപകമാണെന്നും ബന്ധപ്പെട്ടവർ പറയുന്നു.
നേരിട്ട് പണം ഇടപാടുകൾ നടക്കുന്ന റിയൽ എസ്റ്റേറ്റ് ,ചെറുകിട വ്യാപാരം എന്നീ മേഖലകളിലേക്ക് കൂടി നിരീക്ഷണം വ്യാപിപ്പിക്കാൻ ആണ് ആദായനികുതി വകുപ്പിന്റെ നീക്കം .