സുരേഷ് ഗോപിയും ജഗദീപ് ധൻകറും എവിടെ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ പോലീസില്‍ പരാതി ലഭിച്ചത്. ആഴ്ചകളായി അദ്ദേഹത്തെ മണ്ഡലത്തിലും പൊതുപരിപാടികളിലും കാണുന്നില്ല. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ട് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ കാണാനില്ലെന്നും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണം എന്നും ആവശ്യപ്പെട്ട് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പരാതി നല്‍കിയത്. ബിജെപിയുടെ ഓഫീസില്‍ അന്വേഷിച്ചിട്ട് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ഗോകുല്‍ പറയുന്നു. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി യോഗം ചേരുന്ന ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ ഇന്ന് പങ്കുവച്ചിട്ടുണ്ട്. അതിനിടെയാണ് ഉപരാഷ്ട്രപതി പദം ഒഴിഞ്ഞ ജഗദീപ് ധൻങ്കര്‍ എവിടെ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്….
കഴിഞ്ഞ മാസമാണ് ജഗദീപ് ധൻങ്കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. വൈകീട്ട് വരെ രാജ്യസഭ നിയന്ത്രിച്ചിരുന്ന അദ്ദേഹം രാത്രി രാജിവയ്ക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് അറിയിച്ചത്. ഉപരാഷ്ട്രപതി എന്ന നിലയിലും രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച ധൻങ്കറിന് യാത്രയയപ്പ് പോലും ലഭിച്ചിരുന്നില്ല.
സര്‍ക്കാര്‍ യാത്രയയപ്പ് നല്കുന്നില്ലെങ്കില് പ്രതിപക്ഷം ഒരു പരിപാടി സംഘടിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നാണ് പ്രതിപക്ഷ എംപിമാര്‍ പറയുന്നത്. രാജ്യസഭാ അംഗമായ കപില്‍ സിബല്‍ ആണ് ആദ്യം ഇക്കാര്യം പറഞ്ഞത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് കപില്‍ സിബല്‍ പറഞ്ഞു.
ജഗദീപ് ധൻങ്കര്‍ വീട്ടുതടങ്കലിലോ?
ചില എംപിമാര്‍ക്ക് ലഭിച്ച മറുപടി ജഗദീപ് ധൻങ്കര്‍ വിശ്രമത്തിലാണ് എന്നാണ്. ധൻങ്കര്‍ എവിടെ എന്ന് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് എഴുതിയിരിക്കുകയാണ് ശിവസേന എംപി സഞ്ജയ് റാവത്ത്. ധൻങ്കറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് സഞ്ജയ് റാവത്ത് കത്തില്‍ വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.