ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു
ടെൽ അവീവ്: ഗാസയിലുടനീളമുള്ള ജനവാസ കേന്ദ്രങ്ങളെയും കുടിയിറക്ക ക്യാമ്പുകളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 59 പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതിൽ 28 പേർ ഗാസ സിറ്റിയിൽ നിന്നുള്ളവർ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാസയിലെ മെഡിക്കൽ-പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ മധ്യ ഗാസയിലെ ഒരു ജലശേഖരണ കേന്ദ്രത്തിൽ കുറഞ്ഞത് 10 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ആറ് പേർ കുട്ടികളാണ്. ഇസ്രായേലിന്റെ ഉപരോധം നേരിടുന്ന ഗാസയിൽ ക്ഷാമം പടരുകയും ഭക്ഷണത്തിന്റെയും ജലത്തിന്റെയും ലഭ്യത വളരെ താഴ്ന്ന നിലയിലായിരിക്കുകയും ചെയ്‌ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഗാസയിലെ മുഴുവൻ ജനങ്ങളെയും തെക്കൻ പ്രദേശത്തെ ഒരു കോൺസെൻട്രേഷൻ മേഖലയിലേക്ക് നിർബന്ധിച്ച് മാറ്റാൻ തയ്യാറെടുക്കുന്ന വേളയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ജലവിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിരിക്കുന്നത്.
ഗാസയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ തുടർച്ചയായ ബോംബാക്രമണത്തിൽ കുറഞ്ഞത് 110 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതിൽ റാഫയിലെ ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരുന്ന 34 പേരും ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള കാര്യക്ഷമവും കൂടുതൽ സംഘടിതവും വിശ്വസനീയവുമായ മറ്റ് സംഘടനകളെ മാറ്റിനിർത്തി, മെയ് അവസാനം ജിഎച്ച്എഫ് ഗാസയിൽ ഭക്ഷ്യ പാഴ്‌സലുകൾ വിതരണം ചെയ്യാൻ തുടങ്ങിയതിനുശേഷം മാത്രം ഏകദേശം 800 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്.
2023 ഒക്ടോബർ മുതൽ ഗാസയിൽ കുറഞ്ഞത് 67 കുട്ടികളെങ്കിലും പട്ടിണി മൂലം മരിച്ചുവെന്ന് ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. തീരദേശ എൻക്ലേവിൽ ഇസ്രായേൽ നടത്തുന്ന ഉപരോധം 103-ാം ദിവസത്തിലേക്ക് കടന്നതോടെ, പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ, പോഷകാഹാരക്കുറവ് കേസുകളുടെ കുത്തനെയുള്ള വർധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
21 മാസം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ മരണസംഖ്യ 58,000 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് പറയുന്നു. അമേരിക്കയുടെ പിന്തുണയുള്ള വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇസ്രായേലും ഹമാസും തുടരുന്നതിനിടെയാണ് മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നത്.
യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ചില ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഒരു കൃത്യമായ കരാറിലേക്ക് ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ ഇതുവരെ പുരോഗതി കൈവരിച്ചിട്ടില്ല. ട്രംപ് ഭരണകൂടവുമായി ഈ നിർദ്ദേശം ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ആഴ്‌ച യുഎസിൽ എത്തിയിരുന്നു.
നിലവിൽ തെക്കൻ ഗാസയിലെ ഒരു പ്രധാന കര ഇടനാഴിയിൽ സൈന്യത്തെ നിലനിർത്താൻ ഇസ്രായേൽ ആഗ്രഹിക്കുന്നു. താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനുശേഷവും ഇസ്രായേൽ യുദ്ധം തുടരാൻ പദ്ധതിയിടുന്നു എന്നതിന്റെ സൂചനയായാണ് ഹമാസ് ഈ ആവശ്യത്തെ കാണുന്നത്. അതിനാലാണ് നിലവിൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്