ഗോത്ര നേതാവ് ഷിബു സോറൻ അന്തരിച്ചു
ഇന്ത്യയിലെ പ്രമുഖ ഗോത്രവർഗ്ഗ നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ദിശോം ഗുരുജി” എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ എം എം നയിച്ച അദ്ദേഹം, ഗോത്രവർഗക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയനായി മാറുന്നത്. അതേസമയം തന്നെ കൊലപാതകം, കൈക്കൂലി തുടങ്ങിയ വിവാദങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും നിറഞ്ഞ് നിന്നിരുന്നു.
2005, 2008-2009, 2009-2010 കാലയളവുകളിലായിട്ടാണ് ഷിബു സോറന്‍ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഷിബു സോറനുള്ളത്. ഭാര്യ റൂപി കിസ്കു. മകള്‍: ദുർഗ സോറൻ, ഹേമന്ത് സോറൻ, ബസന്ത് സോറൻ. അഞ്ജലി സോറൻ, ദുർഗ സോറൻ 2009-ൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു.
1944 ജനുവരി 11-ന് ഇപ്പോഴത്തെ ജാർഖണ്ഡിലെ റാംഗഢിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഷിബു സോറന്‍ ജനിക്കുന്നത്. സന്താൾ ഗോത്രവിഭാഗത്തിൽ (ഷെഡ്യൂൾഡ് ട്രൈബ്) പെട്ട അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായി. പിതാവിന്റെ കൊലപാതകത്തെ തുടർന്ന് കുടുംബം കടുത്ത ദാരിദ്രത്തിലായതോടെ ഷിബു സോറന് വിദ്യാഭ്യാസം പൂർത്തിയാക്കാന്‍ കഴിയാതെ മരം വ്യാപാരിയായി ജോലി ചെയ്യേണ്ടി വന്നു.
1972-ൽ, ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് എകെ. റോയ്, കുർമി-മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവർക്കൊപ്പം ചേർന്നാണ് ഷിബു സോറൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപിക്കുന്നത്. ബിഹാറിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ നിന്ന് ഒരു പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ജെ എം എമ്മിന്റെ പ്രധാന ലക്ഷ്യം. 2000-ത്തിൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു.
ഗോത്രവർഗക്കാരുടെ ഭൂമി പുറത്തുനിന്നുള്ളവർ കൈയടക്കിയിരുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ജെ എം എം സംഘടിപ്പിച്ചു. ആ സമയത്ത് ഗോത്രവർഗ ഭൂമി തിരിച്ചുപിടിക്കുന്നതിനും, ഭൂവുടമകൾക്കും പണമിടപാടുകാർക്കുമെതിരെ “സ്വന്തം കോടതികൾ” നടത്തി “നീതി” നടപ്പാക്കിയും ഷിബു സോറന്‍ കൂടുതല്‍ ജനകീയനായി മാറി.
മുഖ്യമന്ത്രി പദവിക്ക് പുറമെ 2004-ൽ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ കൽക്കരി മന്ത്രിയായി മൂന്ന് തവണ (2004, 2004-2005, 2006) അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ, 1975-ലെ ഒരു കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാൽ 2004-ൽ രാജിവെക്കേണ്ടി വന്നു. 1980 മുതൽ 1984, 1989 മുതൽ 1998, 2002 മുതൽ 2019 വരെ ദുംക മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായിരുന്നു. 2019-ൽ ബി ജെ പിയിലെ സുനിൽ സോറനോട് തോറ്റെങ്കിലും, 2020-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.