നിമിഷ പ്രിയയുടെ വധശിക്ഷ: റദ്ദാക്കിയെന്ന് കാന്തപുരം, വഴങ്ങിയിട്ടില്ലെന്ന് തലാലിന്റെ കുടുംബം
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യമനിൽ അധികൃതർ പൂർണമായും റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
“നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു. സനയിൽ ചേർന്ന ഉന്നതതല യോഗം നേരത്തെ താൽക്കാലികമായി നിർത്തിവച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ തീരുമാനിച്ചു.” കാന്തപുരത്തിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയെ റിപ്പോർട്ട് ചെയ്തു.
എങ്കിലും, യെമൻ സർക്കാരിൽ നിന്ന് ഇതുവരെ ഔദ്യോഗിക രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഈ സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ ഭർത്താവും മകളും ഉൾപ്പെടെയുള്ളവർ യെമനിലെത്തിയിരുന്നു.
ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഗ്രാൻഡ് മുഫ്തി എ.പി. അബൂബക്കർ മുസ്ലിയാർ യമൻ അധികൃതരോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഒരു ദിവസം മുമ്പ് ശിക്ഷ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ഈ തീരുമാനത്തിന് വഴങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയതായുള്ള വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇതോടെ വധശിക്ഷ സംബന്ധിച്ച് ആശയക്കുഴപ്പം വര്‍ധിക്കുകയാണ്. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്നാണ് സഹോദരന്റെ ആവശ്യം.