കീം ഫലം ഡിവിഷൻ ബഞ്ചും റദ്ദാക്കി; സർക്കാർ അങ്കലാപ്പിൽ
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയ കീം പരീക്ഷാഫലം ഡിവിഷൻ ബെഞ്ചും ഇന്ന് റദ്ദാക്കി. സാങ്കേതികമായി സിംഗിൾ ബെഞ്ചിന്റെ വിധിന്യായത്തിൽ ഇടപെടേണ്ട സാഹചര്യം ഒന്നുമില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ . നിലവിൽ ഉണ്ടായിരുന്ന 1:1:1 എന്ന മാനദണ്ഡത്തിന് പകരം 5:3: 2 അനുപാതം കൊണ്ടുവന്നതാണ് വിവാദത്തിന് ഇടയാക്കിയത്. പ്രവേശന പരീക്ഷയിലെ സ്കോർ നിലയും പ്ലസ് ടു തല മാർക്കും സയൻസ് വിഷയങ്ങളിലെ സ്കോർ നിലയും പരിഗണിച്ചുകൊണ്ടാണ് ഇത്തവണ റാങ്ക് പട്ടിക തയ്യാറാക്കിയത് . പ്രവേശന പരീക്ഷയുടെ പൊതുവായ സ്കോർ നില പ്രസിദ്ധപ്പെടുത്തിയതിന് ശേഷം നടത്തിയ ഏകീകരണ ശ്രമമാണ് പാളിച്ച ഉണ്ടാക്കിയത്.
മുൻകൂട്ടി പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിൽ അവസാന നിമിഷം, അതായത് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന വേളയിൽ വരുത്തിയ മാറ്റമാണ് വിവാദത്തിന് കാരണമായത് .
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ ഏകദേശം 15 ശതമാനം മാത്രമാണ് സിബിഎസ്ഇ വിഭാഗത്തിൽപ്പെടുന്നത് . എന്നാൽ റാങ്ക് പട്ടികയിൽ 70% വും അവരാണ് സ്ഥാനം കീഴടക്കുന്നത്. ഈ വിവേചനം കഴിഞ്ഞ 11 വർഷമായി നിലനിൽക്കുന്നതായി വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു . കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് പ്രാധാന്യം ലഭിക്കും വിധമാണ് സർക്കാർ നടപടി ഉണ്ടായത് . പക്ഷേ അത് തിടുക്കത്തിലും സുതാര്യമില്ലാതെയുമാണ് നടപ്പാക്കിയത് എന്നതാണ് പ്രശ്നം. സർക്കാരിന്റെ ലക്ഷ്യത്തെ എല്ലാവരും അംഗീകരിക്കും എങ്കിലും സ്വീകരിച്ച മാർഗ്ഗത്തെ യുക്തിഭദ്രമായി കാണാൻ ആർക്കും കഴിയില്ല എന്നാണ് കോടതിവിധിയുടെ കാതൽ. പ്രവേശന പരീക്ഷ കമ്മീഷണറേറ്റിൽ നടന്ന അട്ടിമറിയുടെ ഭാഗമാണിതെന്നും ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫലത്തിൽ സർക്കാർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സുപ്രീംകോടതിയിൽ അപ്പീൽ പോയാൽ ഇനിയും കാലം താമസമുണ്ടാകുന്ന അവസ്ഥ സംജാതമാകും. ഇത് കുട്ടികളുടെ തുടർ പഠനത്തിന് തടസ്സങ്ങൾ ഉണ്ടാക്കും . കുട്ടികളുടെ ഭാവിയെ ലക്ഷ്യമാക്കി സർക്കാർ പഴയ മാനദണ്ഡം അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചാൽ പ്രതിസന്ധിമറികടക്കാനാകും.