കെ.പി.സി .സി രാഷ്ട്രീയ കാര്യസമിതി ചേർന്നു
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കെ പി സിസി രാഷ്ട്രീയകാര്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. പൊതുവിൽ യോജിപ്പിന്റെ സ്വരമാണ് യോഗത്തിൽ ഉയർന്നു കേട്ടത്.
2026 – ലെ നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. ആര്യാൻ ഷൗക്കത്തിൻ്റെ സത്യപ്രതിജ്ഞക്ക് ശേഷമായിരുന്നു യോഗം.
കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തു. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കെപിസിസി, ഡിസിസി തലങ്ങളിലെ പുനഃസംഘടന എത്രയുംവേഗം പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു.
കൂട്ടായ പ്രയത്നമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ടീം എന്നതിനാണ് താൻ ആദ്യംമുതൽ മുൻതൂക്കംനൽകിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വ്യക്തിയുടെ അധ്വാനം മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു.