മലേഗാവ് സ്ഫോടന കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു, ധാർമ്മികതയിലൂന്നി ശിക്ഷിക്കാനാവില്ലെന്ന് കോടതി
മുംബൈ: കോളിളക്കം സൃഷ്ടിച്ച മലേഗാവ് സ്‌ഫോടന കേസില്‍ എല്ലാ പ്രതികളെയും എന്‍ഐഎ കോടതി വെറുതെവിട്ടു. ബിജെപി മുന്‍ എംപി പ്രഗ്യ സിങ് താക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെയുള്ള ഒരു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവില്ല എന്ന് കോടതി വ്യക്തമാക്കി. സംശയാതീതമായി കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ജഡ്ജി എകെ ലാഹോട്ടി വിധി ന്യായത്തില്‍ പറയുന്നു.
രാജ്യത്തെ നടുക്കിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു മലേഗാവ് സ്‌ഫോടനം. ഈ സംഭവത്തിന് ശേഷമാണ് രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം എന്ന വാക്ക് സജീവമായി ഉപയോഗിച്ചു തുടങ്ങിയത്. 2008 സെപ്തംബര്‍ 29നായിരുന്നു സംഭവം. ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌പോടനത്തില്‍ 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.
സമൂഹത്തിന് എതിരായ വലിയ സംഭവമാണ് മലേഗാവില്‍ നടന്നത്. എന്നാല്‍ ധാര്‍മിക പരിസരം വച്ച് കേസില്‍ ശിക്ഷിക്കാന്‍ സാധിക്കില്ല എന്ന് ജഡ്ജി എകെ ലാഹോട്ടി പറഞ്ഞു. പ്രഗ്യസിങ് താക്കൂറിന് പുറമെ, കേണല്‍ ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, അജയ് രഹിര്‍കര്‍, സുധാകര്‍ ധര്‍ ദ്വിവേദി എന്ന ശങ്കരാചാര്യ, സമീര്‍ കുല്‍ക്കര്‍ണി എന്നിവരായിരുന്നു മറ്റു പ്രതികള്‍.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിലെ പള്ളിക്ക് പുറത്ത് ബൈക്കില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയാണ് അന്ന് ചെയ്തത്. വിശുദ്ധ റമദാനില്‍ വിശ്വാസികള്‍ കൂടുതലായി പള്ളികളിലും പരിസരത്തുമുള്ളപ്പോഴായിരുന്നു സംഭവം. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.
അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടന നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സ്‌ഫോടനം എന്ന് എടിഎസ് കണ്ടെത്തി. ഹേമന്ദ് കര്‍ക്കരെ എന്ന ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രഗ്യസിങ്, ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ നടന്ന മുംബൈ ആക്രമണത്തില്‍ ഹേമന്ദ് കര്‍ക്കരെ ഉള്‍പ്പെടെയുള്ള പ്രമുഖ എടിഎസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു.
2011ല്‍ മലേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ബൈക്ക് പ്രഗ്യസിങ് താക്കൂറിന്റേതാണ് എന്ന് എടിഎസ് കണ്ടെത്തിയിരുന്നു. സൈനിക ഓഫീസറായിരുന്ന ശ്രീകാന്ത് പുരോഹിത് ആണ് സ്‌ഫോടക വസ്തുക്കള്‍ തരപ്പെടുത്തി കൊടുത്തത് എന്നും എടിഎസ് കണ്ടെത്തി. അന്ന് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഓഫീസറായിരുന്നു പുരോഹിത്.