സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസിൽ പരാതി
തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എവിടെ? കഴിഞ്ഞ കുറച്ച് ദിവസമായി തൃശൂരില്‍ നിറയുന്ന ചോദ്യമാണിത്. മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പരോക്ഷമായി ചോദ്യം ഉന്നയിച്ചതും ഇതോട് ചേര്‍ത്തു വായിക്കണം. ഇപ്പോള്‍ പോലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഗുരുവായൂർ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.
ബിജെപിയെയും സുരേഷ് ഗോപിയെയും പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയും ഫോണ്‍ ചെയ്തും അന്വേഷിച്ചിരുന്നു എന്നാണ് ഗോകുല്‍ ഗുരുവായൂര്‍ പറയുന്നത്. കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷനാണ് ഗോകുല്‍. എംപിയുടെ ഓഫീസില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടി ഗോകുല്‍ വിശദീകരിച്ചു.
തൃശൂരില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വോട്ട് വിവാദം പുകയുകയാണ്. സുരേഷ് ഗോപിയുടെയും സഹോദരന്റെയും കുടുംബത്തിന്റെയും ഉള്‍പ്പെടെ വോട്ടുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂരില്‍ ചേര്‍ക്കുകയും ഫലം വന്ന ശേഷം ആ വിലാസത്തിലുള്ള വീട് ഒഴിഞ്ഞുപോയി എന്നുമാണ് പരാതി. സുരേഷ് ഗോപിയുമായി ബന്ധമുള്ള 11 വോട്ടുകളാണ് ചേര്‍ത്തിയത് എന്ന് കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിലും സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരേഷ് ഗോപി സന്ദര്‍ശിക്കുകയും മാതാവിന് കിരീടം സമ്മാനിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതെല്ലാം വോട്ട് തട്ടാനുള്ള മാര്‍ഗം മാത്രമായിരുന്നോ എന്ന ചോദ്യമാണ് രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നത്.
ഛത്തീസ്ഗഡ്, തൃശൂര്‍ വോട്ട് ചോര്‍ത്തല്‍ വിവാദങ്ങളില്‍ പ്രതികരിക്കാത്ത സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് ദിവസമായി മണ്ഡലത്തില്‍ വന്നിട്ടുമില്ല. ഇക്കാര്യങ്ങളാണ് ഗുരുവായൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്കിയ ഗോകുല്‍ ചൂണ്ടിക്കാട്ടുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അവരെ കണ്ടെത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.