ആടിയുലഞ്ഞ് നെതന്യാഹു; പിന്തുണ പിൻവലിച്ച് സഖ്യകക്ഷികൾ
ബെഞ്ചമിൻ നെതന്യാഹു സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഇസ്രായേലിലെ അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജുഡായിസം. പിൻതുണ പിൻവലിക്കൽ ഭീഷണിയുമായി ഷാംസു കക്ഷിയും രംഗത്ത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യസർക്കാരിൽ നിന്ന് പിന്മാറുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി. നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട ഒരു നിയമനിർമ്മാണത്തെച്ചൊല്ലിയുള്ള ദീർഘകാല വിവാദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍.
ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജുഡായിസം പിന്തുണ പിന്‍വലിച്ചതോടെ നെതന്യാഹു സർക്കാർ വലിയ ഭീഷണിയാണ് നേരിടുന്നത്. 120 അംഗ ക്നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) നിലവില്‍ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് 61 പേരുടെ പിന്തുണ മാത്രമാണുള്ളത്. നേരത്തെ 68 പേരുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ഭരിച്ചിരുന്നത്.
ഇസ്രായേലിൽ ഭൂരിഭാഗം യുവാക്കൾക്കും നിർബന്ധിത സൈനിക സേവനം ബാധകമാണ്. എന്നാൽ, അൾട്രാ-ഓർത്തഡോക്സ് യഹൂദികളായ (ഹരേദി) യേഷിവ (മതപഠനകേന്ദ്ര) വിദ്യാർത്ഥികൾക്ക് 1948-ൽ ഇസ്രായേൽ രൂപീകരണം മുതൽ ഈ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കൽ ലഭിച്ചിരുന്നു. എന്നാൽ, 2024-ൽ ഇസ്രായേൽ സുപ്രീം കോടതി ഈ ഇളവ് നിർത്തലാക്കാൻ ഉത്തരവിടുകയും യേഷിവ വിദ്യാർത്ഥികളെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകി. ഈ തീരുമാനം ഹരേദി സമുദായത്തിനിടയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്.
യുണൈറ്റഡ് തോറ ജുഡായിസം 2022 അവസാനത്തിൽ നെതന്യാഹുവിന്റെ സഖ്യത്തിൽ ചേർന്നപ്പോൾ, യേഷിവ വിദ്യാർത്ഥികൾക്ക് സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കൽ ഉറപ്പാക്കുന്ന ഒരു നിയമം പാസാക്കുമെന്ന വാഗ്ദാനം ഒരു പ്രധാന ഉടമ്പടിയായിരുന്നു. എന്നാൽ, പുതിയ സൈനിക റിക്രൂട്ട്മെന്റ് ബിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി യുണൈറ്റഡ് തോറ ജുഡായിസം നേതാക്കൾ ആരോപിക്കുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ ഏഴ് അംഗങ്ങൾ ഗവൺമെന്റിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ സഖ്യകക്ഷിയായ മറ്റൊരു അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ ഷാസും സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാസിന്റെ 11 സീറ്റുകൾ പിൻവലിച്ചാൽ, നെതന്യാഹുവിന്റെ സഖ്യത്തിന്റെ ഭൂരിപക്ഷം പൂർണമായും ഇല്ലാതാകും. ഇതോടെ സർക്കാർ ന്യൂനപക്ഷമായി മാറും. അതോടെ നെതന്യാഹു സർക്കാർ താഴെ വീഴുകയും ചെയ്യും.
അതേസമയം, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയിൽ നിന്നുള്ള മന്ത്രി മിക്കി സോഹർ, യുണൈറ്റഡ് തോറ ജുഡായിസത്തെ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്, “ദൈവം ഇച്ഛിച്ചാൽ എല്ലാം ശരിയാകും” എന്ന് അദ്ദേഹം പ്രതികരിച്ചു. .ജൂലൈ അവസാനം പാർലമെന്റ് വേനൽക്കാല അവധിക്ക് പിരിയുന്നതിനാൽ, നെതന്യാഹുവിന് പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് മാസത്തോളം സമയം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.