മുഖo മിനുക്കി ബി.ജെ.പി കേരള ഘടകം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക സംഭവവികാസങ്ങൾ വരാനിരിക്കെ ബിജെപിയുടെ കേരള ഘടകത്തിന് ഇനി പുതിയ മുഖം. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് നിർണായക പദവി നൽകി കൊണ്ടാണ് അഴിച്ചുപണി. മാത്രമല്ല മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ പക്ഷങ്ങളെ പൂർണമായി തഴഞ്ഞുകൊണ്ടാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നിരിക്കുന്നത്.
കെ സുരേന്ദ്രൻ തന്നെ ഫേസ്‌ബുക്കിലൂടെ പട്ടിക പങ്കുവച്ചിട്ടുണ്ട്. പുതിയ ഭാരവാഹി പട്ടികയിൽ 10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമുണ്ട്. കൂടാതെ 10 സെക്രട്ടറികളുമാരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്റെയും മുരളീധരന്റെയും അനുയായികളെ ഒന്നടങ്കം ഒഴിവാക്കിയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മുതിർന്ന നേതാവ് എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരായുള്ള പട്ടികയാണ് വന്നിരിക്കുന്നത്. അതിൽ തന്നെ നിലവിലുള്ളവരിൽ എംടി രമേശിനെ മാത്രമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ശോഭ സുരേന്ദ്രന് നല്ല പദവി നൽകി എന്നതാണ് മറ്റൊരു പ്രധാന കാര്യം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ആലപ്പുഴയിൽ ശോഭ മികച്ച പ്രകടനമാണ് നടത്തിയത്.