അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്
വാഷിങ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് .
ഗൂഗിൾ , മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിർത്തി അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് ട്രംപിൻ്റെ ആഹ്വാനം. വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലാണ് അമേരിക്കൻ കമ്പനികൾ അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്.
അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുകയും ഇന്ത്യയിൽനിന്ന് തൊഴിലാളികളെ നിയമിക്കുകയും ചെയ്ത് വലിയ ലാഭം കൊയ്യുകയാണെന്നാണ് ട്രംപിൻ്റെ കുറ്റപ്പെടുത്തൽ. ഇത് അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനികളുടെ ചിന്താഗതി ആഗോളതലത്തിലായിരിക്കുന്നുവെന്നും സിലിക്കൺ വാലിയിലും അമേരിക്കൻ ടെക് വ്യവസായത്തിലും ഒരു പുതിയ ദേശീയതയുടെയും ദേശീയ വിശ്വസ്തതയുടെയും മനോഭാവം ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയെ ആദ്യം പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ട്രംപ് പറഞ്ഞു
ട്രംപിൻ്റെ വാക്കുകൾ ഇങ്ങനെ
“നമ്മുടെ ഏറ്റവും വലിയ ടെക് കമ്പനികളിൽ പലതും ചൈനയിൽ ഫാക്ടറികൾ പണിയുമ്പോഴും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുമ്പോഴും അയർലണ്ടിൽ ലാഭം ഉണ്ടാക്കുമ്പോഴും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങൾ കൊയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?. അതേസമയം, ഇവിടെ സ്വന്തം നാട്ടിൽ തന്നെ സഹ പൗരന്മാരെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ, ആ ദിവസങ്ങൾ അവസാനിച്ചു. എഐ മത്സരം വിജയിക്കുന്നതിന് സിലിക്കൺ വാലിയിലും സിലിക്കൺ വാലിക്ക് അപ്പുറവും ദേശസ്‌നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും ഒരു പുതിയ മനോഭാവം ആവശ്യമായി വരും. അമേരിക്കയ്ക്ക് വേണ്ടി എല്ലാ പിന്തുണയും നൽകുന്ന യുഎസ് ടെക്നോളജി കമ്പനികൾ നമുക്കാവശ്യമാണ്. അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം”.
ടെക്കികൾക്ക് ആശങ്ക
ട്രംപിന്റെ പ്രസ്താവന ഇന്ത്യയിലെ ടെക് ജീവനക്കാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. കൂടാതെ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റാ സയൻസ്, എഐ തുടങ്ങിയ മേഖലകളിൽ യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക് പ്രൊഫഷണൽസിനും ആശങ്കയുണ്ടാക്കും. അതേസമയം വിദേശികളുടെ നിയമനം പരിമിതപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികളൊന്നും യുഎസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുറഞ്ഞ ചെലവിൽ കൂടുതൽ വൈദഗ്ധ്യമുള്ള എഞ്ചിനീയർമാരെ ലഭിക്കുന്നതിനാൽ പല യുഎസ് കമ്പനികളും ഇന്ത്യയിൽ നിയമനം വർധിപ്പിച്ചിട്ടുണ്ട്. ട്രംപിൻ്റെ ഇത്തരം പ്രസ്താവനകൾ പ്രധാന ടെക് കമ്പനികളുടെ നിയമന പദ്ധതികളെ ബാധിച്ചേക്കാമെന്ന് വ്യവസായ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയിലെ ഇന്ത്യൻ ടെക്കികളുടെ സ്വാധീനം
അമേരിക്കയിലെ ഇന്ത്യൻ ടെക്കികൾ യുഎസ് ടെക്നോളജി രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പ്രധാന പങ്കുവഹിക്കുന്നത്. ആമസോൺ , ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. പല വലിയ കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരുണ്ട്.