“ഇന്നുവരെ ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല”; ഡോ.ഹാരീസ് തുറന്നെഴുതുന്നു…
“കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത
ഒരു സർക്കാർ ഡോക്ടറുടെ ജിവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ
ഞാൻ ഇത് എഴുതുന്നത്.
ഇന്നുവരെ ഒരു സ്കാനിങ് സെന്ററിൽ നിന്നോ സ്വകാര്യ ലാബിൽ നിന്നോ ഒരു രൂപ കമ്മീഷൻ വാങ്ങിയിട്ടില്ല. കണ്ണൂർ മെഡിക്കൽ കോളേജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കൽ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാൻസ്ഫർ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല. “
ഫേസ്ബുക്കിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവി ശ്രീ . ഹാരിസ് ചിറക്കൽ തുറന്നെഴുതിയത് .
“ലോഡ്ജുകളിലും വാടക വീടുകളിലും ക്വാർട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയത് വളരെ പരിമിതമായ സാഹചര്യങ്ങൾ സഹിച്ചാണ് 1997 മുതൽ ജോലി ചെയ്തത് വരുന്നത്.
തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോൾ രാവിലെ നാലു മണിയുടെ ബസ്…. ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങൾ എന്നെ കാത്തുനിൽപ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകൾ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാൻ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ.
ഈ 56 വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം.
മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലത്. ഡിപ്പാർട്മെന്റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല. പിരിച്ച് വിട്ടോട്ടെ, ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്ക്കേണ്ടി വന്നത്.
സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്. “
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.