സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിതാൽ മിസൈൽവെച്ച് തകർക്കും – പാക് സൈനിക മേധാവി
ലാഹോർ: ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ . തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീറിൻ്റെ പ്രതികരണം. യുഎസ്സുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് അസിം മുനീറിൻ്റെ പ്രകോപനപരമായ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്.
പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കും. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിൻ്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാനാണ് അസിം മുനീർയുഎസിൽ എത്തിയത്.കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീർ പാകിസ്താൻ്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയുണ്ടെന്നും ഇന്ത്യ അണക്കെട്ട് കെട്ടിയാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കും. പാകിസ്താൻ ഒരു ആണവ ശക്തിയാണ്. അതിനാൽത്തന്നെ രാജ്യം അപകടത്തിലായാൽ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുണ്ട്. ‘ഇന്ത്യ ഒരു അണക്കെട്ട് പണിതാൽ, ഞങ്ങൾ അത് പത്ത് മിസൈലുകൾ ഉപയോഗിച്ച് തകർക്കും.’ സിന്ധു നദി ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്നും മിസൈലുകൾക്ക് ഒരു കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.