ഡോ.ബിജുവും ‘പപ്പ ബുക്ക’ യും ഓസ്കാറിലേക്ക്
വിഖ്യാത ചലച്ചിത്രകാരൻ ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘പപ്പാ ബുക്ക’ ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന പപ്പുവ ന്യൂ ഗിനി യിലാണ് സിനിമയുടെ ചിത്രീകരണം പൂർണ്ണമായും നടന്നിട്ടുള്ളത്. 2026-ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടു . ഇവിടുത്തെ ഓസ്കാർ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത് .
പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം കൾച്ചറൽ മിനിസ്റ്റർ ബെൽഡൻ നോർമൻ നമഹ്, നാഷണൽ കൾച്ചറൽ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവൻ എനോമ്പ് കിലാണ്ട , ഓസ്കാർ സെലക്ഷൻ കമ്മറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവരാണ് സിനിമ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് പപ്പുവ ന്യൂ ഗിനി ഓസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ പ്രദർശിപ്പിക്കുന്നത്.
പപ്പ ബുക്ക – പൂർണ്ണമായും പപ്പുവ ന്യൂ ഗിനിയിലാണ് ചിത്രികരിച്ചത്. അവിടുത്തെ ഭാഷയായ ടോക്പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പപ്പുവ ന്യൂഗിനിയൻ നിർമ്മാണ കമ്പനിയായ നാഫയുടെ ബാനറിൽ നോലെന തൌലാവുനും ഇന്ത്യൻ നിർമ്മാതാക്കളായ അക്ഷയ് കുമാർ പരിജ, പാ രഞ്ജിത്ത്, പ്രകാശ് ബാരെ എന്നിവർ ചേർന്നാണ് നിർമ്മാണം നടത്തിയത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയിലെ ഒരു ഗോത്രത്തലവനായ സിനെ ബാബേറൊ എന്നയാളാണ്. ഇന്ത്യയിൽ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തി, മലയാളി നടൻ പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ സൈക്, ബർബാറ അനാട്ടു, ജേക്കബ് ഓംപുരി, സാന്ദ്രാ ദവുമാ, ക്ലെമന്റ് ജിമ, മാക്സ് മാസോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് , മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള റിക്കി കേജ്.