കാശ്മീരിൽ പാക് (PoK)അധിനിവേശമുണ്ടായത് കോൺഗസ്സ് ഭരണത്തിൽ – നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് 22 മിനുട്ട് നീണ്ട മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ തകര്‍ക്കുമെന്ന് താന്‍ പഹല്‍ഗാം ആക്രമണം ഉണ്ടായ വേളയില്‍ തന്നെ പറഞ്ഞിരുന്നു എന്ന് മോദി വിശദീകരിച്ചു.
പാകിസ്താന്റെ ആണവ ഭീഷണിക്ക് മുമ്പില്‍ പതറില്ല എന്ന് ലോകത്തിന് ഇന്ത്യ കാണിച്ചുകൊടുത്തു. പാകിസ്താന്റെ വ്യോമതാവളങ്ങള്‍ ഇപ്പോഴും ഐസിയുവില്‍ ആണ്. ഇന്ത്യയുടെ ശക്തി ലോകം കണ്ടു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അപ്പോഴും സര്‍ക്കാരിന് എതിരായിരുന്നുവെന്നും മോദി പരിഹസിച്ചു.
ഭീകരതക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ഒരു രാജ്യത്തിനും തടയാന്‍ സാധിക്കില്ല. ഒരു നേതാവും ഇന്ത്യയോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്താന്റെ സൈന്യം അപേക്ഷിച്ചതിനാലാണ് ഇന്ത്യ ആക്രമണം നിര്‍ത്തിയത്. പഹല്‍ഗാം സംഭവത്തിലും രാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാകിസ്താന്റെ പ്രചാരണത്തിന്റെ വാക്താക്കളായി കോണ്‍ഗ്രസും സഖ്യകക്ഷികളും മാറി എന്നും മോദി പറഞ്ഞു.
പാകിസ്താന്റെ 1000 ഡ്രോണുകള്‍ ഇന്ത്യ ആകാശത്തു വച്ചു തന്നെ തകര്‍ത്തു. പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തത നേടുകയാണ്. ആഗോള തലത്തില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയെന്നും മോദി പറഞ്ഞു. ഒരു ഭാഗത്ത് ഇന്ത്യ അതിവേഗം സ്വയംപര്യാപ്തത നേടുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഓരോ വിഷയങ്ങളില്‍ പാകിസ്താനെ ആശ്രയിക്കുകയാണ്. പാകിസ്താനില്‍ നിന്ന് അവര്‍ പ്രശ്‌നങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്നും മോദി പറഞ്ഞു.
സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭീകരരെ പാഠം പഠിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഭീകരതയെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളെയും ഭീകരരെയും രണ്ടായി കാണാന്‍ സാധിക്കില്ല. ഓപറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുണ്ട്. പാകിസ്താന്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരും. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ പരിശീലനം നേടിയ സ്ഥലത്ത് ശക്തമായ തിരിച്ചടി നല്‍കി.പാകിസ്താന്‍ ഭീകരര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ നമ്മുടെ സൈന്യം പാകിസ്താനിലെ എല്ലാ മൂലയിലും ആക്രമിച്ചു. പാകിസ്താന്‍ ശക്തമായ ആക്രമണം നടത്താന്‍ പോകുന്നു എന്ന് യുഎസ് വൈസ് പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നു. പാകിസ്താന് അത്തരം ഉദ്ദേശമുണ്ടെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് താന്‍ മറുപടി നല്‍കി.
മുംബൈ ആക്രമണം ഉണ്ടായ വേളയില്‍ ഇന്ത്യ പാകിസ്താനെതിരെ നീങ്ങിയില്ല. അന്ന് പാകിസ്താനുമായുള്ള വ്യാപാരം തുടര്‍ന്നു. പാകിസ്താന് പ്രിയങ്കര രാഷ്ട്ര പദവി നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. പാകിസ്താന്‍ അധീനപ്പെടുത്തിയ കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമായത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും നരേന്ദ്ര മോദി പറഞ്ഞു.