ബഹുഭർതൃത്വം; ഗോത്രാചാരവിവാഹം ഹിമാചലിൽ
ഷിംല: ഹിമാചല്‍ പ്രദേശിലെ സഹോദരന്മാര്‍ വിവാഹം ചെയ്തത് ഒരു യുവതിയെ. സിര്‍മോര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. ഹിമാലയന്‍ മലയോര മേഖലയില്‍ താമസിക്കുന്ന ഹാട്ടി ഗോത്ര സമൂഹത്തിലാണ് ഈ വിവാഹം. വീഡിയോ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് വൈറലായി. പാരമ്പര്യമായി ബഹുഭര്‍തൃത്വം ആചരിച്ചുവന്നിരുന്നവരാണ് ഹാട്ടി ഗോത്രം.
പ്രദീപ്, കപില്‍ നേഗി എന്നിവരാണ് സുനിത ചൗഹാന്‍ എന്ന യുവതിയെ വിവാഹം ചെയ്തത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനത്തിലെത്തിയത് എന്ന് മൂന്നുപേരും പറഞ്ഞു. നാടന്‍ പാട്ടുകളും നൃത്തങ്ങളുമായി മൂന്ന് ദിവസം നീളുന്ന ചടങ്ങായിരുന്നു വിവാഹം. ജൂലൈ 12നാണ് ചടങ്ങുകള്‍ തുടങ്ങിയത്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി എന്ന ചോദ്യത്തിന് മൂന്നുപേരും മറുപടി നല്‍കി.
കുന്‍ഹാട്ട് ഗ്രാമത്തിലാണ് സുനിത. മുന്‍ഗാമികള്‍ ചെയ്തിരുന്ന ബഹുഭര്‍തൃത്വത്തെ കുറിച്ച് യുവതിക്ക് അറിയാമായിരുന്നു. ആരും ഈ വിവാഹത്തിന് നിര്‍ബന്ധിച്ചില്ലെന്നും സ്വമേധയാ തയ്യാറായതാണെന്നും സുനിത പറയുന്നു. ഷില്ലായ് ഗ്രാമത്തിലുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപില്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.