18-ൽ പ്രണയം, 25-ൽ കല്യാണം: സഭയിൽ അംഗങ്ങൾ കൂടാൻ ഉപാധിയുമായി പാംപ്ലാനി
കത്തോലിക്കാ സമുദായത്തിലെ യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം എന്നുമുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം ഇന്ന് ഏറെ ചര്‍ച്ചയായിരുന്നു. കത്തോലിക്കാ സമൂഹത്തില്‍ അംഗസംഖ്യ കുത്തനെ കുറയുന്ന സാഹചര്യത്തില്‍ ആയിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം.
തലശ്ശേരി രൂപതയില്‍ പറ്റിയ പങ്കാളികളെ കിട്ടാത്തത് കാരണം 4200 പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്നുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കി. ഒരു യുവജന സമ്മേളനത്തില്‍ ആയിരുന്നു ബിഷപ്പിന്റെ വിവാദമായ പ്രസ്താവന.
18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ലെന്നും അത് ദോഷകരമായി ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുന്നതിനുള്ള പരിഹാരം എന്ന നിലയിലാണ് ആര്‍ച്ച് ബിഷപ്പ് ഈ നിര്‍ദേശം മുന്നോട്ടു വച്ചു.
ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയോട് സമൂഹത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരേ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് മുരളി തുമ്മാരുകുടിയുടെ അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പാംപ്ലാനി പിതാവിനോട് പകുതി യോജിക്കുന്നു എന്ന് പറഞ്ഞാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ യുവാക്കള്‍ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ താന്‍ പൂര്‍ണമായി യോജിക്കുന്നുവെന്നും അതിന് ജാതിയും മതവും ദേശവും രാജ്യവും ഒന്നും നോക്കേണ്ട കാര്യമില്ലെന്നും മുരളി തുമ്മാരുകുടി പറയുന്നു. വിവാഹം വേണമെങ്കില്‍ ആകാം. ആര്‍ച്ച് ബിഷപ്പ് പറയുന്ന അടിസ്ഥാന വിഷയമായ, സമൂഹത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് സീരിയസായ വിഷയമാണെന്നും അത് ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
പാംപ്ലാനി പിതാവിനോട് പകുതി യോജിപ്പ്
18 വയസ്സായാല്‍ യുവാക്കള്‍ പ്രണയിച്ചു തുടങ്ങണമെന്നും 25 വയസ്സായാല്‍ വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതില്‍ ചെറുപ്പത്തില്‍ തന്നെ യുവാക്കള്‍ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ പൂര്‍ണ്ണ യോജിപ്പ്. അതിനിടയില്‍ ജാതിയും മതവും ദേശവും രാജ്യവും ഒന്നും നോക്കേണ്ട കാര്യമില്ല. വിവാഹം വേണമെങ്കില്‍ ആകാം, പ്രായം വെയ്‌ക്കേണ്ട കാര്യമില്ല.
അദ്ദേഹം പറയുന്ന അടിസ്ഥാന വിഷയം, സമൂഹത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് സീരിയസ് വിഷയമാണ്. നമ്മള്‍ ശ്രദ്ധിക്കേണ്ടതുമാണ്. ഇത് ഒരു സമുദായത്തിന്റെയോ ഒരു സമൂഹത്തിന്റെയോ മാത്രം പ്രശ്‌നമല്ല.
ലോകത്തില്‍ വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും നേടിയ നാടുകളില്‍ എല്ലാം തന്നെ ജനനനിരക്ക് കുറയുകയാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ / പൗരസ്ത്യ ഭേദമില്ല, ജാതി / മത വ്യത്യാസങ്ങളില്ല. ദക്ഷിണകൊറിയ മുതല്‍ ഫിന്‍ലാന്‍ഡ്, സൗദി അറേബ്യ, ഇറ്റലി, വരെ എല്ലായിടത്തും ജനനനിരക്ക് കുറയുകയാണ്. ജപ്പാനില്‍ ജനസംഖ്യ തന്നെ 2007 മുതല്‍ കുറഞ്ഞു തുടങ്ങി, മറ്റനവധി രാജ്യങ്ങള്‍ ഈ പാതയിലാണ്. കേരളം തൊട്ടടുത്താണ്.
ഈ സ്ഥിതി മാറ്റാന്‍ എന്തു ചെയ്യണമെന്ന് രാജ്യങ്ങള്‍ ചിന്തിക്കുകയാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ പ്രണയം നടക്കുന്ന ജപ്പാനിലും കൊറിയയിലും പാശ്ചാത്യ രാജ്യങ്ങളിലും ഒന്നും ജനന നിരക്ക് കൂടുന്നില്ല. സൗത്ത് കൊറിയ ഒരു കുട്ടി ഉണ്ടായാല്‍ അറുപത് ലക്ഷം വരെ മാതാപിതാക്കള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. കാര്യമില്ല.
റഷ്യ ആഴ്ചയിലൊരിക്കല്‍ ദമ്പതികള്‍ക്ക് ‘സെക്‌സ് ലീവ്’ പ്രഖ്യാപിച്ചിട്ടുണ്ട്. നടക്കുന്ന സെക്‌സൊക്കെ കുട്ടികളാകുമോ എന്ന് കാത്തിരുന്നു കാണാം (സെക്‌സും നടക്കില്ല കുട്ടികളും ഉണ്ടാകില്ല എന്നാണ് ട്രെന്‍ഡുകള്‍ പറയുന്നത്).
അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ്. വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവും ഉയരുന്ന സമൂഹങ്ങളില്‍ ജനനനിരക്ക് കുറയുന്നു. കേരളത്തില്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നിട്ടു നില്‍ക്കുന്ന സമൂഹങ്ങള്‍ ഇത് ശ്രദ്ധിക്കുന്നു. മറ്റു സമൂഹങ്ങളും ഇത് ശ്രദ്ധിക്കും, അവരുടെ നേതാക്കളും താമസിയാതെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹന സമ്മാനങ്ങളുമായി ഇറങ്ങാന്‍ നിര്‍ബന്ധിതരാകും. കാരണം നിലനില്പിന്റെ കാര്യമാണ്. കാര്യമുണ്ടാകില്ല. ഇറ്റ് ഈസ് ഇന്‍കുറബിള്‍. പക്ഷെ പ്രണയം നടക്കട്ടെ!
മുരളി തുമ്മാരുകുടി