രാജ്യത്തിന്റെ ഐക്യവും സൈനികമായ പ്രഹരശേഷിയും വിഘടന വാദികൾക്കുള്ള ഉചിതമായ മറുപടി – ദ്രൗപതി മുർമു
ന്യൂഡൽഹി: സ്വാതന്ത്ര്യദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. തന്റെ പ്രസംഗത്തിൽ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രപതി പ്രശംസിച്ചു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് സൂചിപ്പിച്ച രാഷ്ട്രപതി ദ്രൗപതി മുർമു പ്രസംഗത്തിനിടെ പ്രതിരോധ മേഖലയിൽ കഴിഞ്ഞ കാലമുണ്ടായ രാജ്യത്തിന്റെ ഐക്യത്തെയും വർധിച്ചുവരുന്ന സ്വാശ്രയത്വത്തെയും ഊന്നിപ്പറയുകയും ചെയ്തു.
79-ാമത് സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയ ഭീരുത്വമുള്ളതും തീർത്തും മനുഷ്യത്വരഹിതവുമായ പഹൽഗാം ആക്രമണത്തെ അപലപിച്ചു. അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുകൊണ്ട് സായുധ സേന തന്ത്രപരമായ വ്യക്തതയും സാങ്കേതിക ശേഷിയും പ്രകടിപ്പിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ സംഭവമായാണ് ഓപ്പറേഷൻ സിന്ദൂർ എന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. ‘ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ ഒരു ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ എന്നെന്നും രേഖപ്പെടുത്തപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടി രാജ്യത്തിന്റെ ഐക്യമാണെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് എത്തിയ എംപിമാരുടെ ബഹുകക്ഷി പ്രതിനിധി സംഘങ്ങളെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയം പ്രകടമാക്കുന്ന ഒരു നീക്കമായിരുന്നു അതെന്ന് ദ്രൗപതി മുർമു വിശേഷിപ്പിച്ചു.
‘നമ്മുടെ സുരക്ഷാ ആവശ്യകതകളിൽ പലതും നിറവേറ്റുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന നിർണായകമായ ഒരു തലത്തിലേക്ക് നമ്മുടെ തദ്ദേശീയ ഉൽപ്പാദനം എത്തിയിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടങ്ങളാണിവ’ എന്നായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയുടെ വാക്കുകൾ.
സുസ്ഥിരമായ നല്ല ഭരണത്തിന്റെയും അഴിമതിയോട് ഒരു സന്ധിയും ചെയ്യാതിരിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിലുടനീളം സംസാരിച്ചു. ‘അഴിമതിയും കാപട്യവും ജനാധിപത്യത്തിന്റെ അനിവാര്യമായ ഉൽപ്പന്നങ്ങളാകരുത്’ എന്ന മഹാത്മാഗാന്ധിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് അവർ എല്ലാ പൗരന്മാരോടും ഗാന്ധിജിയുടെ ആദർശം സാക്ഷാത്കരിക്കാനും രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാനും പ്രതിജ്ഞയെടുക്കാനും ആഹ്വാനം ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന ‘ദേശീയ കൈത്തറി ദിന’ ആഘോഷത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യൻ കരകൗശല വിദഗ്ധർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി മുന്നോട്ടുവച്ച 1905ലെ സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം എന്ന് രാഷ്ട്രപതി അറിയിച്ചു. ‘മെയ്ക്ക്-ഇൻ-ഇന്ത്യ’ ക്യാമ്പയിൻ ‘ആത്മനിർഭർ ഭാരത് അഭിയാൻ’ തുടങ്ങിയ ദേശീയ സംരംഭങ്ങൾക്ക് സ്വദേശിയുടെ ആത്മാവ് പ്രചോദനം നൽകുന്നത് തുടരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ എഐ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ തനതായ ആവശ്യങ്ങൾക്കനുസൃതമായി മാതൃകകൾ സൃഷ്ടിക്കുന്നതിനുമായി സർക്കാർ ആരംഭിച്ച ഇന്ത്യ-എഐ മിഷനും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കൃത്രിമബുദ്ധിയെ പരാമർശിച്ചുകൊണ്ട്, സാങ്കേതിക നവീകരണത്തിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും ദ്രൗപതി മുർമു എടുത്തുപറഞ്ഞു.