രാഷ്ട്രപതി ഇന്ന് ശബരിമല ദർശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി രാജ്ഭവനിലേക്ക് പോയി.
22 ന് രാവിലെ ഹെലികോപ്റ്ററിൽ നിലയ്ക്കലേക്കും തുടർന്ന് ശബരിമലയിലേക്കും പോകും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും.
ശബരിമല സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം, പാലായിലെ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി, എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി എന്നിവ രാഷ്ട്രപതിയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ‘ദർശനം’, ‘ആരതി’ എന്നിവ നടത്തുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അറിയിച്ചു. അതേ ദിവസം തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന രാഷ്ട്രപതി വ്യാഴാഴ്ച രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
പിന്നീട് വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. കോട്ടയം പാലായിലെ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും അവർ പങ്കെടുക്കും.
ഒക്ടോബർ 24-ന് എറണാകുളത്തെ സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതോടെ രാഷ്ട്രപതിയുടെ കേരള സന്ദർശനം സമാപിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വാമി അയ്യപ്പൻ റോഡ് വഴിയും പരമ്പരാഗത കാൽനടയാത്ര പാത വഴിയും അഞ്ച് ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെയും ഒരു ആംബുലൻസിൻ്റെയും അകമ്പടിയോടെയാണ് ദ്രൗപദി മുർമു സന്നിധാനത്ത് എത്തുക. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും വാഹനവ്യൂഹത്തിൻ്റെ ട്രയൽ റൺ അടുത്തിടെ നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

