ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രം പ്രതിപക്ഷത്തെ മൂന്ന് വനിതാ എംപിമാരായിരുന്നു. പ്രിയങ്ക ഗാന്ധിയും കനിമൊഴിയുമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്ന് ചോദ്യശരങ്ങള്‍ എയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ആരോപിച്ച എംപിമാര്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന നിലപാടാണ് സുപ്രിയ സുലെ സ്വീകരിച്ചത്.
കേന്ദ്ര സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും കടന്നാക്രമിക്കാനുള്ള ആദ്യത്തെ ഊഴം പ്രിയങ്ക ഗാന്ധിയുടേതായിരുന്നു. കാശ്മീര്‍ ശാന്തമെന്ന് പ്രചരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയില്‍ മൗനം പാലിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. 26 പേരെ കൊന്ന ശേഷം ഭീകരര്‍ക്ക് എങ്ങനെയാണ് രക്ഷപ്പെടാനായതെന്ന ചോദ്യം ഉന്നയിച്ച പ്രിയങ്ക ഗാന്ധി പഹല്‍ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു.
സൈനിക നടപടികളില്‍ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. ധീരതയോടെ പോരാടിയ സേനയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ക്രെഡിറ്റ് എടുക്കുന്നത് മാത്രമല്ല നേതൃഗുണം. ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണ്. പാകിസ്ഥാന് എതിരെയുള്ള സൈനിക നടപടി നിര്‍ത്തിയത് താന്‍ ഇടപെട്ടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു.
എന്റെ അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന വ്യക്തമായി മനസിലാകുമെന്നും പ്രിയങ്ക പറഞ്ഞു.
ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ച് കനിമൊഴി
കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് സര്‍വകക്ഷി യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയതാണ് പ്രതിപക്ഷമെന്ന് ഓര്‍മിപ്പിച്ച് ഡിഎംകെ എംപി കനിമൊഴി. സൈനിക നടപടിക്കു ശേഷം കേന്ദ്രം ഒന്നും പറയാത്തതെന്തെന്താണെന്നും കനിമൊഴി ലോക്‌സഭയില്‍ ചോദിച്ചു. സേനയ്ക്ക് അഭിവാദ്യവുമായി പ്രകടനം നടത്തിയ മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. അത് ദേശസ്‌നേഹം കൊണ്ടാണെന്ന് ഓര്‍മപ്പെടുത്തിയ കനിമൊഴി രാജ്യം ഒന്നിച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികരിക്കാത്തതെന്താണെന്നും നമുക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ ഒന്നു പോലും വരാത്തതെന്തെന്നും ചോദിച്ച കനിമൊഴി ഇത് സൂചിപ്പിക്കുന്നത് വിദേശനയത്തിന്റെ പാളിച്ചയല്ലേ എന്നും കൂട്ടിച്ചേര്‍ത്തു.