രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം…….
വയനാട് ദുരിതാശ്വാസത്തിനായി ഡിവൈഎഫ്ഐ പിരിച്ചെടുത്ത തുകയെ കുറിച്ച് എഎ റഹീമിനോട് ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിലും വിടി ബൽറാമും രംഗത്ത് .യൂത്ത് കോൺഗ്രസ് പിരിച്ചത് 88 ലക്ഷം മാത്രമാണെന്നും അത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയുടെ അത്രയേ ഉളളൂ എന്നും എഎ റഹീം പരിഹാസ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിരിച്ച തുകയിൽ ഒരു ഭാഗം ഡിവൈഎഫ്ഐ മുക്കിയോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.
ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ 210 ബ്ലോക്ക് കമ്മറ്റികൾ 88 ലക്ഷം വെച്ച് പിരിച്ചാൽ 184 കോടി ഉണ്ടാകുമെന്നും അതിൽ 20 കോടി സർക്കാരിനെ ഏൽപ്പിച്ച് ബാക്കി 164 കോടി എവിടെ എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് ഇങ്ങനെ: ശ്രീ റഹീം, ഒത്തിരി കാലം ആയി കേട്ടിട്ട്… അത് പോട്ടെ വിഷയത്തിലെക്ക് വരാം. ‘വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പിരിച്ചത് വെറും 88 ലക്ഷം ആണെന്നും അത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയാണെന്നും’ അങ്ങ് പറഞ്ഞു. ഞങ്ങൾ ആകെ സമാഹരിക്കാൻ തീരുമാനിച്ചത് രണ്ട് കോടി 40 ലക്ഷം രൂപയാണ്, അത് ഞങ്ങൾ ചില്ലികാശ് കുറവ് ഇല്ലാതെ പാർട്ടിയെ ഏല്പിച്ചു 30 വീട് നിർമാണം പൂർത്തീകരിച്ചോളാം. കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച 2000 വീട് പോലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങില്ല.
അതും പോട്ടെ, വിഷയത്തിലേക്ക് വന്നാൽ അങ്ങ് പറഞ്ഞത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി 88 ലക്ഷം പിരിക്കുമെന്നാണ്. കേരളത്തിൽ ഡിവൈഎഫ്ഐക്ക് 210 ബ്ലോക്ക് കമ്മിറ്റികൾ ഉണ്ട്. ശ്രീ റഹീമിന്റെ കണക്ക് പ്രകാരം 210 ബ്ലോക്ക് കമ്മറ്റികൾ 88 ലക്ഷം വെച്ച് സമാഹരിക്കുമ്പോൾ ആകെ 184 കോടി രൂപ. ഡിവൈഎഫ്ഐ സർക്കാരിനെ ഏല്പിച്ചത് 20 കോടി, ബാക്കി 164 കോടി.
ഇനി ഡിവൈഎഫ്ഐ ലെ കരുവന്നൂർ കവർച്ച സംഘം പറയൂ നിങ്ങളുടെ അഖിലേന്ത്യേ പ്രസിഡന്റിന്റെ കണക്ക് പ്രകാരമുള്ള ആ 164 കോടി രൂപ ആരാണ് മുക്കിയത്? അഭിമന്യു രക്തസാക്ഷി ഫണ്ട് വെട്ടിച്ചത് പോലെ വയനാട് ദുരിതാശ്വാസ നിധിയും വെട്ടിച്ചു അല്ലേ കള്ളന്മാരെ, കൊള്ളക്കാരെ???
വിടി ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ: ” 88 ലക്ഷം രൂപ എന്നത് ചൂരൽമലക്ക് വേണ്ടി ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി പിരിച്ച തുകയാണെന്ന് അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എം പി അവകാശപ്പെടുന്നു. ഡിവൈഎഫ്ഐക്ക് കേരളത്തിൽ 140 ബ്ലോക്ക് കമ്മിറ്റികൾ ഉണ്ടെന്നാണ് അറിയുന്നത്. അവർ ഓരോരുത്തരും 88 ലക്ഷം രൂപ വീതം പിരിച്ചാൽ ആകെ ഏകദേശം 120 കോടി രൂപയെങ്കിലും വരുമല്ലോ?
എന്നാൽ ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് കൈമാറുന്നത് 20 കോടി മാത്രമാണെന്ന് വാർത്തകളിൽ കാണുന്നു. അത് തന്നെ കൈമാറി റസീറ്റ് കൈപ്പറ്റിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ബാക്കി 100 കോടി എവിടെപ്പോയി? ഡിവൈഎഫ്ഐ ലക്ഷണമൊത്ത ഒരു കുറുവാസംഘമാണെന്ന് അഖിലേന്ത്യാ പ്രസിഡണ്ട് തന്നെ സമ്മതിക്കുകയാണോ?”