രവത ചന്ദ്രശേഖർ പുതിയ DGP
രവത ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയാകും. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന രവത ചന്ദ്രശേഖർ നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും.
സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് പറഞ്ഞു. കേരള പോലീസ് മികച്ച സേനയാണ്. തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നു. പാസ്പോർട്ട് പരിശോധനയിൽ വിദേശകാര്യമന്ത്രാലയം ഒന്നാമതായി തെരെഞ്ഞെടുത്തു. സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണെന്നും ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്‌സി നല്‍കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലെ രണ്ടാമത്തെ പേരുകാരനായിരുന്നു ഇദ്ദേഹം. നിധിന്‍ അഗര്‍വാളായിരുന്നു ഒന്നാം പേരുകാരന്‍. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറും നിധിനായിരുന്നു. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയായിരുന്നു മൂന്നാംപേരുകാരന്‍.