കോട്ടയത്ത് വൻ കവർച്ച; 50 പവനും പണവും തട്ടിയെടുത്തു
കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വൻ മോഷണം. 50 പവനും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. 21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്നേഹ ഇക്കാര്യം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
ശാരീരിക ബുദ്ധിമുട്ടുള്ള അന്നമ്മ തോമസിന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പുലർച്ചെ ആറുമണിയോടെ സ്നേഹ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.