|

വിശ്വാസികളായ സ്ത്രീകൾക്ക് മുമ്പിൽ ശബരിമല നട തുറക്കും -പു.ക.സ

Spread the News

ശബരിമലയിൽ കയറി അയ്യപ്പനെ തൊഴണമെന്ന് എന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ ആഗ്രഹിക്കുന്നുവോ അന്ന് അമ്പല വാതിൽ അവർക്ക് മുന്നിൽ തുറന്നിരിക്കുമെന്ന് എഴുത്തുകാരനും പു.ക.സ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. നിയമവും ഉത്തരവും അതിന് പിറകേ വരും. യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചത് കൊണ്ട് എൽഡിഎഫിന് തിരിച്ചടി കിട്ടിയെന്ന് കരുതുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്നും അശോകൻ ചരുവിൽ പരിഹസിച്ചു. പമ്പയിൽ നടക്കാൻ പോകുന്ന ആഗോള അയ്യപ്പ സംഗമത്തിന് എതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അശോകൻ ചരുവിലിന്റെ പ്രതികരണം.

അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ” അയ്യപ്പസംഗമവും യുവതീപ്രവേശനവും. തിരുവതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിൽ ഒരു ആഗോള അയ്യപ്പഭക്തസംഗമം നടത്താൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ബി.ജെ.പി. / കോൺഗ്രസ് വലതുപക്ഷം വലിയ പരിഭ്രമത്തിലായിരിക്കുന്നു. യുവതീപ്രവേശനത്തിലെ പഴയ സുപ്രീംകോടതി വിധിയും അന്നത്തെ സർക്കാർ നിലപാടും ഉയർത്തിപ്പിടിച്ച് അയ്യപ്പസംഗമം എന്ന “ആപത്തിനെ” ചെറുക്കാമെന്നാണ് അവർ കരുതുന്നത്. അന്തംവിട്ടവർ എന്തും ചെയ്യുമല്ലോ. അതിനപ്പുറം അതിലൊന്നുമില്ല.

യുവതികൾക്ക് പ്രവേശനം നൽകണമെന്ന 2018ലെ സുപ്രിംകോടതി വിധിയും അതു നടപ്പാക്കാൻ സർക്കാർ നടത്തിയ ശ്രമവും സംസ്ഥാനത്ത് എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. 2019, 2020, 2021, 2024 വർഷങ്ങളിലെ ലോകസഭാ/ നിയമസഭാ /തദ്ദേശ തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്ത് ഈ പംക്തിയിൽ തന്നെ പലവട്ടം അക്കാര്യങ്ങൾ എഴുതിയിട്ടുണ്ട്. 2016ൽ 91 സീറ്റും 43.48 ശതമാനം വോട്ടുംനേടി അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാരിന്, 2021ൽ 99 സീറ്റും 45.43 ശതമാനം വോട്ടുംനേടി തുടർച്ചയുണ്ടാക്കി ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതിൻ്റെ ഒരു കാരണം ശബരിമല കാര്യത്തിൽ സുപ്രിം കോടതിക്കും ഭരണഘടനക്കും ഒപ്പം നിന്നു എന്നതാണ്.

Any exception placed on women because of biological differences violates the Constitution.” എന്ന് നിരീക്ഷിച്ചാണ് യുവതിപ്രവേശനത്തിൽ സുപ്രിംകോടതി വിധിപ്രസ്താവിച്ചത്. അതിനൊപ്പം നിൽക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. പിന്നീട് ആരെങ്കിലും ഇക്കാര്യത്തിൽ പിറകോട്ടു പോയിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ നീതിന്യായ സംവിധാനം മാത്രമാണ്. അത് നിയമത്തിൻ്റെ പരിമിതിയാണ്. സാംസ്കാരിക, സാമുഹ്യവ്യവസ്ഥകളെ തിരുത്തി മനുഷ്യസമൂഹം മുന്നേറിയത് വിമോചനപ്രസ്ഥാനങ്ങളിലൂടെയാണ്. നിയമവും കോടതിയും അതിനു പിറകെയാണ് വരേണ്ടത്. എന്നും വന്നിട്ടുള്ളത്.

സനാതനം എന്നു കരുതപ്പെടുന്ന ആചാരങ്ങൾക്കെതിരെ വലിയ ജനകീയസമരങ്ങൾ നടന്ന ഒരു പ്രദേശമാണ് കേരളം. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ, വിവേചനങ്ങൾക്കെതിരെ വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങൾ; ക്ഷേത്രപ്രവേശനവിളംബരം എന്നിവക്കെതിരെ ഉണ്ടായതുപോലെ സ്ഥായിയായ എതിർപ്പുകൾ ശബരിമലയിലെ യുവതിപ്രവേശത്തിനു നേരെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.

ഉണ്ടായ ദുർബ്ബലമായ വൈകാരികതകളെ തങ്ങളുടെ രാഷ്ട്രീയ മേൽഗതിക്കുവേണ്ടി ചിലർ “ഒരു സുവർണ്ണാവസര”മായി ഉപയോഗിക്കാൻ ശ്രമിച്ചു എന്നുമാത്രം. അതിനെ നേരിടാനുള്ള പക്വതയോ രാഷ്ട്രീയവിവേകമോ ഇല്ലാത്തയാളായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ട് എന്നതാണ് കുഴപ്പമായത്. (ആ ദേഹമാണല്ലോ അടുത്തകാലത്ത് സഖാവ് വീണാ ജോർജിനെ സി.പി.ഐ.എം. സംസ്ഥാനക്കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ പത്രക്കാരോട് വിലപിച്ചത്.)

സൂക്ഷിച്ചു നിരീക്ഷിച്ചാൽ ആർ.എസ്.എസ്. പോലെയുള്ള മതഭീകരസംഘടനകൾ പോലും ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു എന്നു കാണാനാവും. (അക്കൂട്ടത്തിലെ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുക.) കാരണം യുവതി എന്നതിൽ സവർണ്ണസമൂഹങ്ങളിലെ സ്ത്രീകളും ഉൾപ്പെടുമല്ലോ. ഒരു ശയ്യോപകരണം മാത്രമായിട്ടാണ് കാണുന്നതെങ്കിലും സ്ത്രീ ആ സമൂഹത്തിലെ ബഹിഷ്കൃതയല്ല. പക്ഷേ ദളിതർ, പിന്നാക്കക്കാർ എന്നാൽ അങ്ങനെയല്ല. “പൂർവ്വജന്മത്തിൽ പാപം ചെയ്തതിൻ്റെ ഫലമായി ശിക്ഷ എന്ന നിലയിൽ ഇവിടെ ജനിച്ചു ജീവിക്കുന്നവരാണ്.”

അവരുടെ ജീവിതം നരകമാക്കേണ്ടത് സവർണ്ണസനാതനികളുടെ ജന്മദൗത്യമാണ്. എന്നിട്ടുപോലും എല്ലാ വേലിക്കെട്ടുകളും തകർത്ത് അവർണ്ണർ ക്ഷേത്രത്തിൽ പ്രവേശിച്ചു. തന്ത്രിമാരുടേയം വാദ്ധ്യാന്മാരുടേയും എതിർപ്പിനെ അവഗണിച്ച് രാജാവിന് വിളംബരവുമായി പിറകെ ചെല്ലേണ്ടി വന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തിൽ വണ്ടിയെ കാളക്കു മുന്നിലാണ് കെട്ടിയത്. ആ ക്ഷേത്രത്തിൽ യുവതികൾ പ്രവേശിക്കണം എന്നൊരു ആവശ്യം അതുവരെ കേരളത്തിൽ ഉയർന്നതായി അറിവില്ല. അതു സംബന്ധിച്ച് ഒരു ചർച്ചയോ സംവാദമോ പ്രക്ഷോഭമോ ഇവിടെ ഉണ്ടായില്ല.

സുപ്രിംകോടതി വിധിയാണ് ആദ്യം ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഇത് ചെറിയ മട്ടിൽ ഒരമ്പരപ്പിനു കാരണമായിട്ടുണ്ടാകാം. അതിന്മേലേക്കാണ് സുവർണ്ണാവസരമന്വേഷിക്കുന്ന രാഷ്ട്രീയക്കഴുകന്മാർ എത്തിയത്.
വിമോചനത്തിൻ്റെ വാതിൽ ആദ്യം തുറക്കുന്നത് ഭരണമോ നിയമമോ അല്ല. ജനാഭിലാഷങ്ങളും പ്രക്ഷോഭങ്ങളുമാണ്. അപ്പീലുകളിൽ കോടതികൾ എന്തു നടപടി സ്വീകരിക്കും എന്നു കാത്തിരിക്കേണ്ട ഒരു കാര്യവുമില്ല. ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതിൽ അവർക്കു മുന്നിൽ തുറന്നിരിക്കും. ഒരു ശക്തിക്കും അവരെ തടയാനാവില്ല. നിയമവും ഉത്തരവും പിറകെ വരും”.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *