രാജ്യദ്രോഹ കുറ്റം: മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജന്, കരണ്‍ഥാപ്പർ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ഇരുവർക്കുമെതിരെ റജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി നടപടി. സിദ്ധാർത്ഥ് വരദരാജനും കരണ്‍ഥാപ്പറും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അസം പൊലീസ് സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് തടഞ്ഞ കോടതി കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല ജാമ്യംനല്‍കിയത്. പത്രപ്രവർത്തകർക്ക് സംരക്ഷണം നൽകിക്കൊണ്ട്, എല്ലാവരും നിയമം പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാൻ പത്രപ്രവർത്തകർക്ക് നിർദേശം നൽകിയ കോടതി, അടുത്ത വാദം കേൾക്കുന്ന തീയതിയിൽ അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ, അസം പോലീസ് കോടതിയുടെ മുൻ ഉത്തരവുകളെ മറികടക്കാൻ ശ്രമിക്കുകയാണെന്ന് വാദിച്ചു. മേയ് മാസത്തിൽ രജിസ്റ്റർ ചെയ്ത ഒരു പഴയ എഫ്ഐആറിന്റെ അന്വേഷണത്തിനായി വരദരാജനെയും ‘ദി വയർ’ ന്റെ കൺസൾട്ടിംഗ് എഡിറ്ററുൾപ്പെടെ മറ്റ് പത്രപ്രവർത്തകരെയും വെള്ളിയാഴ്ച മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും, അവർ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്ക ഉണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
നേരത്തെ, ഓഗസ്റ്റ് 12-ന്, ഓപ്പറേഷൻ സിന്ദൂർ എന്ന വിഷയത്തിൽ ദി വയർ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട് വരദരാജനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിനെതിരെ നിർബന്ധിത നടപടികൾ എടുക്കുന്നതിന് സുപ്രീം കോടതി അസം പോലീസിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ദി വയർ ന്റെ റിപ്പോർട്ടിംഗ്, പ്രത്യേകിച്ച് ഓപ്പറേഷൻ സിന്ദൂർ പോലുള്ള വിഷയങ്ങളിൽ, അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായാണ് നടത്തുന്നത്. എന്നാൽ, ഈ ലേഖനം അസം പോലീസിന്റെ നടപടികൾക്ക് കാരണമാകുകയായിരുന്നു, ഇത് പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തുവെന്നാണ് പൊലീസ് ആരോപണം. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും ആതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമായിരുന്നു പൊലീസ് വിശദീകരണം.
എന്നാല്‍ കോടതിയുടെ ഉത്തരവ്, പത്രപ്രവർത്തകർക്ക് അന്വേഷണവുമായി സഹകരിക്കാനുള്ള അവസരം നൽകുമ്പോൾ തന്നെ, അവർക്കെതിരെ അനാവശ്യ നടപടികൾ ഒഴിവാക്കാനുള്ള ഒരു താൽക്കാലിക സംരക്ഷണം കൂടി ഉറപ്പാക്കുന്നു.