സ്കൂൾ ബസ്സുകൾ കേരളത്തിൽ പേടി സ്വപ്നമാകുന്നു
കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കേരളത്തിലെ എല്ലാ മാതാ പിതാക്കളെയും ദുഃഖത്തിൽ ആക്കി. പ്രതീക്ഷയോടെ വളർത്തുന്ന കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി അയക്കുമ്പോൾ ഓരോ മാതാപിതാക്കൾക്കും ഇന്ന് ചങ്കിടിപ്പ് ഏറുകയാണ്.
റോഡ് അപകടങ്ങൾ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. പല സ്കൂൾ മാനേജ്‌മെന്റുകളും ബിസിനസ്സിൽ മാത്രം ശ്രദ്ധിക്കുകയും, കുട്ടികളുടെ സുരക്ഷിതത്വത്തിന് യാതൊരു വിലയും കൊടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
കേരള സംസ്ഥാനത്ത് 12,644 സ്‌കൂളുകളുണ്ട്. അതിൽ 4504 സർക്കാർ സ്‌കൂളുകളും 7277 എയ്ഡഡ് സ്‌കൂളുകളും 863 അൺ എയ്ഡഡ് സ്‌കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് 2024 -25 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ വാഹന പരിശോധനയിൽ 3,400 ബസുകൾക്ക് നിശ്ചിത ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇവയുടെ ഫിറ്റ്നസ് ടെസ്റ്റുകൾ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എത്ര വാഹനങ്ങൾ അത് നടത്തി എന്ന് സർക്കാർ പരിശോധിക്കണം.
അതോടൊപ്പം സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം കൊണ്ടുവരണം. സ്കൂൾ ബസുകളിൽ സിസി ക്യാമറകൾ സ്ഥാപിക്കണം. ഈ വിഷയത്തിൽ പി. ടി. എ. കമ്മറ്റികൾ ശക്തമായി ഇടപെടുകയും ഡ്രൈവർമാർ പരിചയവും പക്വതയും ഉള്ളവരാണ് എന്ന് ഉറപ്പുവരുത്തുകയും വേണം.