വെളിച്ചെണ്ണയിൽ മായം; 4513 ലിറ്റർ പിടിച്ചെടുത്തു
സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപ്പാദന-വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ ഈ പ്രത്യേക പരിശോധനകൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം നടത്തിയത്. പരിശോധനയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിന്നായി 4513 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തു.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ നിന്നും 300 ലിറ്റർ, ഇടുക്കിയിൽ നിന്നും 107 ലിറ്റർ, തൃശൂരിൽ നിന്നും 630 ലിറ്റർ, പാലക്കാട്ട് നിന്നും 988 ലിറ്റർ, മലപ്പുറത്ത് നിന്നും 1943 ലിറ്റർ, കാസർഗോഡിൽ നിന്നും 545 ലിറ്റർ എന്നിങ്ങനെ അളവിലുള്ള വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ ചെറുമുക്കിലെ റൈസ് & ഓയിൽ മില്ലിൽ നിന്നും സമീപത്തെ ഗോഡൗണിൽ നിന്നും 735 ലിറ്റർ വെളിച്ചെണ്ണ കണ്ടെടുത്തു. വയനാട്ടിൽ നിന്നും സംശയാസ്പദ നിലയിലുള്ള വെളിച്ചെണ്ണ കണ്ടെത്തിയില്ല, എങ്കിലും 2 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ചു.
പരിശോധനയിൽ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കും. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളിൽ 16,565 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ഉപയോഗം വർധിക്കുന്നതിനാൽ, ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീവ്രമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.