പാകിസ്താനെ നോക്കിയിരുത്തി, പഹൽ ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഗായി ഉച്ചകോടി
ബീജിംഗ് : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അസ്വീകാര്യമാണെന്ന് അംഗരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉച്ചകോടി പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചത്. ഷാങ്ഹായ് കൂട്ടായ്മയില്‍ പാകിസ്ഥാന് അംഗമാണ് എന്നതിനാല്‍ തന്നെ നയതന്ത്രപരമായി ഇത് ഇന്ത്യയ്ക്ക് ഒരു വലിയ വിജയമാണ്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നമുണ്ട്. 26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. കൂടാതെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അവരുടെ അഗാധമായ അനുശോചനവും അറിയിച്ചു. അത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സ്പോണ്സര്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അംഗരാജ്യങ്ങള്‍ പറഞ്ഞു.
ഭീകര, വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ലെന്നും അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ എസ് സി ഒ ശക്തമായി അപലപിക്കുന്നു എന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദത്തിനെതിരെ പോരാടാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും പ്രസ്താവന വ്യക്തമാക്കി.
നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദം മൂലം ദുരിതമനുഭവിക്കുകയാണെന്നും നിരവധി അമ്മമാര്‍ക്ക് ഈ വിപത്തില്‍ തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘അടുത്തിടെ, പഹല്‍ഗാമില്‍ വളരെ വൃത്തികെട്ട ഒരു ഭീകരത നാം കണ്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണം മാത്രമല്ല, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഓരോ രാജ്യത്തിനും നേരെയുള്ള വെല്ലുവിളിയായിരുന്നു. അതിനാല്‍ ചില രാജ്യങ്ങള്‍ ഭീകരതയ്ക്ക് തുറന്ന പിന്തുണ നല്‍കുന്നത് സ്വീകാര്യമാണോ?’,’ മോദി ചോദിച്ചു.
സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഓരോ രാജ്യത്തിന്റെയും വികസനത്തിന് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവ ഈ പാതയിലെ വലിയ വെല്ലുവിളികളാണ് എന്നും ഭീകരത എല്ലാ മനുഷ്യരാശിക്കും എതിരെയുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ ഐക്യത്തിന് ഊന്നല്‍ നല്‍കിയത് എന്നും മോദി വ്യക്തമാക്കി.