കുടിവെള്ളത്തിൽ വിഷം ചേർത്ത് വൈരാഗ്യം തീർത്തു
ബെംഗളൂർ: സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമ സേന നേതാവിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീരാമ സേനയുടെ സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, മഗൻഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ വാട്ടർ ടാങ്കിലാണ് പ്രതികൾ വിഷം കലർത്തിയത്.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രധാനാധ്യാപകനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തത്.
വിഷം കലർന്ന വെള്ളം കുടിച്ച് 12 ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉടനടി ചികിത്സ തേടിയതിനാൽ വലിയ ദുരന്തം ഒഴിവായതായി പോലീസ് വ്യക്തമാക്കി. വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ട ചില വിദ്യാർത്ഥികൾ പ്രധാനാധ്യാപകനെയും മറ്റൊരു അധ്യാപികയെയും അറിയിച്ചതിനാലാണ് സംഭവം പുറത്തറിഞ്ഞത്. പ്രധാനാധ്യാപകനായ സുലൈമാൻ ഗോരേനായകിനെ സ്ഥലം മാറ്റുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാനായിരുന്നു സാഗർ പാട്ടീലിന്റെ ലക്ഷ്യം. കഴിഞ്ഞ 13 വർഷമായി ഇവിടുത്തെ പ്രധാനാധ്യാപകനാണ് സുലൈൻ. ഗ്രാമവാസികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം.
കുട്ടികൾ ആശുപത്രിയിലാതിന് പിന്നാലെ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കീടനാശിനി അടങ്ങിയ കുപ്പി വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ തനിക്ക് പുറത്ത് നിന്നൊരാളാണ് ഒരു കുപ്പി ദ്രാവകം തന്നതെന്നും ഇത് ചെയ്യാനായി ചോക്ലേറ്റുകളും അഞ്ഞൂറ് രൂപയും നൽകിയിരുന്നതായും കുട്ടി പറഞ്ഞു. പിന്നാലെ കൃഷ്ണ മദാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മറ്റൊരു ജാതിയിൽപ്പെട്ട സ്ത്രീയുമായുള്ള തന്റെ ബന്ധം സാഗർ പാട്ടീൽ കണ്ടുപിടിച്ചുവെന്നും, ഗൂഢാലോചനയിൽ പങ്കുചേർന്നില്ലെങ്കിൽ ഇത് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മദാർ പോലീസിനോട് സമ്മതിക്കുകയായിരുന്നു. മദാറും മഗൻഗൗഡ പാട്ടീലും ചേർന്നാണ് കീടനാശിനി വാങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.