യു.എസ് വിസ: നിരന്തര നിരീക്ഷണം
ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു
വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു – അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവരുടെ വിസകൾ ഞങ്ങൾ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും” എന്നാണ് എംബസി ട്വീറ്റിൽ പറയുന്നത്.
വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ ഉപയോക്തൃനാമങ്ങളും അല്ലെങ്കിൽ എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും ഹാൻഡിലുകളും ഡിഎസ്-160 വിസ അപേക്ഷാ ഫോമിൽ പട്ടികപ്പെടുത്തേണ്ടതുണ്ട്. ഒപ്പിടുന്നതിനും സമർപ്പിക്കുന്നതിനും മുമ്പ് അപേക്ഷകർ അവരുടെ വിസ അപേക്ഷയിലെ വിവരങ്ങൾ സത്യവും ശരിയുമാണെന്ന് സാക്ഷ്യപ്പെടുത്തണം” ഈ നിർദ്ദേശത്തിൽ പറയുന്നു.
സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കുന്നത് വിസ നിഷേധിക്കപ്പെടുന്നതിനും ഭാവി വിസകൾക്ക് യോഗ്യതയില്ലായ്‌മയ്ക്കും ഇടയാക്കുമെന്നും എംബസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കർശനമായ നടപടികളെ കുറിച്ചുള്ള സൂചനകൾ എംബസി തന്നെ മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ യുഎസ് വിസ കിട്ടാക്കനിയാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
നേരത്തെ യുഎസ് വിവിധ രാജ്യങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നിലവിൽ ടൂറിസം, ജോലി, പഠനം എന്നിവയ്‌ക്കുള്ള ഏതെങ്കിലും തരത്തിലുള്ള യുഎസ് വിസ ലഭിക്കുന്നത് പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. മറ്റ് ഏഴ് രാജ്യങ്ങൾ കർശനമായ നിയന്ത്രണങ്ങളോ ചില വിസ വിഭാഗങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനമോ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. പ്രത്യേകിച്ച് തീവ്രവാദത്തിന് ഇരയാകാൻ സാധ്യതയുള്ളതോ തിരിച്ചറിയൽ പരിശോധനാ സംവിധാനങ്ങൾ മോശമായതോ ആയ രാജ്യങ്ങൾക്ക് എതിരെയാണ് നടപടി കർശനമാക്കിയത്. മിഡിൽ ഈസ്‌റ്റിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളെയാണ് ഈ നിരോധനം കൂടുതലായി ബാധിച്ചിരിക്കുന്നത്.മേഖലയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ യാത്രാ നിയന്ത്രണങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിൽ ബി1/ബി2 ടൂറിസ്‌റ്റ് വിസകൾ, എച്ച്1ബി വർക്ക് വിസകൾ, എഫ്1 സ്‌റ്റുഡന്റ് വിസകൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള അപേക്ഷകൾ സാധാരണപോലെ തുടരുന്നുണ്ട്. എങ്കിലും കാത്തിരിപ്പ് കാലാവധി വളരെയധികമാണ്