ഓർമ്മച്ചെപ്പ് തുറന്ന്, ഓണം, ഇന്ന് തിരുവോണം
ആമോദത്തോടെ വസിക്കും കാലത്തിന്റെ ഓർമ്മച്ചെപ്പ് തുറന്ന് ഐശ്വര്യം നിറഞ്ഞ പൊന്നോണത്തെ വരവേൽക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. പൂക്കളമൊരുക്കിയും പുത്തൻ വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും മാത്രം ആഘോഷമല്ല ഓണം, സത്യസന്ധതയും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കാർഷിക സമൃദ്ധിയെ കൂടി ഓണം അടയാളപ്പെടുത്തുന്നു. പരമ്പരാഗതമായി വിളമ്പുന്ന ഓണസദ്യ നന്ദിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്.
ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാൾ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജ്ജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം.
അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയിൽ നമുക്കൊരുമിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!