ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ UDF സംഘം നേരിൽ കണ്ടു
കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ യുഡിഎഫ് പ്രതിനിധി സംഘം കണ്ടു. ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിക്കുന്നത് തടയാന്‍ ബിജെപി ഭരണകൂടം ശ്രമിച്ചിരുന്നു എന്ന് റോജി എം ജോണ്‍ എംഎല്‍എ പറയുന്നു. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് കാണാന്‍ അനുമതി ലഭിച്ചത്.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ പീഡനം കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വന്നു എന്ന് എംഎല്‍എ വിശദീകരിച്ചു. മൂന്ന് പെണ്‍കുട്ടികളെ അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ കൊണ്ടുവരാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ പോയത്. പോലീസ് നോക്കി നില്‍ക്കെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ചോദ്യം ചെയ്തു ഭീഷണിപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ചുവെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു എന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
റോജി എം ജോണ്‍ എംഎല്‍എയുടെ കുറിപ്പ് വായിക്കാം:
ഛത്തീസ്ഗഢിൽ അകാരണമായി ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രികളെ ഒടുവിൽ കണ്ടു. ജയിലിൽ സന്ദർശന അനുമതി നിക്ഷേധിക്കാൻ BJP ഭരണകൂടം ശ്രമിച്ചെങ്കിലും ഞങ്ങളുടെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിൽ ജയിൽ അധികൃതർ കാണാൻ അനുമതി നൽകി.
ബജ്റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമായ പീഡനമാണ് റെയിൽവേ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും നേരിടേണ്ടി വന്നതെന്ന് രണ്ട് കന്യാസ്ത്രികളും ഏറെ വേദനയോടെ പറഞ്ഞു. മൂന്ന് പെൺകുട്ടികളെ അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ എല്ലാ രേഖകളും പരിശോധിച്ച് ജോലിക്കായി കൂട്ടിക്കൊണ്ടു പോകാനാണ് കന്യാസ്ത്രികൾ ഛത്തീസ്ഗഡിൽ എത്തിയത്. എന്നാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ ഉണ്ടാക്കി അവരെ പീഡിപ്പിക്കുകയാണ് ഉണ്ടായത്.
പോലീസ് നോക്കി നിൽക്കെ സംഘ പരിവാർ പ്രവർത്തകർ കന്യാസ്ത്രികളെ ചോദ്യം ചെയ്യുകയും ഭിഷണിപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മിണ്ടിയാൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തി കന്യാസ്ത്രീകളെ നിശബ്ദരാക്കുകയും, ബജ്റംഗ്ദൾ നേതാക്കളുടെ നിർദേശം അനുസരിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്. മനസ്സിൽ വിചാരിക്കുക പോലും ചെയ്യാത്ത കാര്യത്തിന് ജയിലിൽ കഴിയേണ്ടി വന്നതിലുള്ള വലിയ വിഷമത്തിലാണ് രണ്ട് കന്യാസ്ത്രികളും. ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തി പരമാവധി ജയിലിൽ കിടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കന്യാസ്ത്രികളെ സന്ദർശിച്ച ശേഷം ഞങ്ങൾ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയങ്ങൾ ധരിപ്പിക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തി എത്രയും വേഗം നിരപരാധികളായ നമ്മുടെ കന്യാസ്ത്രീകളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
അതിന് ശേഷം റായ്പൂർ രൂപതയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ ഹെൻറി ടാക്കൂറിനെ സന്ദർശിച്ച് വിഷയം ചർച്ച ചെയ്തു. രൂപതയുടെ നേതൃത്വത്തിലാണ് നിയമപരമായ നടപടികൾ നീക്കുന്നത്. ആവശ്യമെങ്കിൽ എന്ത് നിയമ സഹായവും ചെയ്യാൻ തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചു. എന്തായാലും നമ്മുടെ കന്യാസ്ത്രികൾക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. സംഘ പരിവാർ ഫാസിസം അനുവദിച്ചു കൊടുക്കാൻ കഴിയില്ല.
ശ്രീ ബെന്നി ബഹനാൻ എം പി, ശ്രീ N K പ്രേമചന്ദ്രൻ എം പി, ശ്രി ഫ്രാൻസിസ് ജോർജ് എം പി, ശ്രീ സപ്തഗിരി ഉലാക്ക എം പി, ശ്രീ അനിൽ തോമസ്, ജയിലിൽ
കഴിയുന്ന സിസ്റ്ററുടെ സഹോദരൻ ശ്രീ ബൈജു എം വി, ഒപ്പം ഛത്തീസ്ഗഢിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നു.