യുഎസ് സുപ്രീം കോടതി അനുമതി നൽകി; താഹവൂർ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടും
മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ താഹവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്കുന്നതിനു യുഎസ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നു. റാണ നൽകിയ റിവ്യൂ ഹർജി തള്ളിയ കോടതിയുടെ പുതിയ ഉത്തരവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്
കനേഡിയൻ പൗരനും പാക്കിസ്ഥാൻ സ്വദേശിയുമായ റാണ മുൻ സൈനിക ഡോക്ടറാണ്. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കർ-ഇ-തോയ്ബയ്ക്ക് സഹായം നൽകിയെന്ന കുറ്റത്തിന് റാണയെ നേരത്തേ യു.എസ്. ഫെഡറൽ കോടതിയിൽ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ജില്ലൻഡ്‌സ്-പോസ്റ്റൻ പത്രത്തിനെതിരായ ആക്രമണ പദ്ധതിയിലും റാണയുടെ പങ്കാളിത്തം കണ്ടെത്തപ്പെട്ടിരുന്നു.
1961-ൽ പാക്കിസ്ഥാനിലെ ചിചാവട്നിയിൽ ജനിച്ച റാണ, സൈനിക വിദ്യാഭ്യാസത്തിനായി ഹസൻ അബ്ദാൽ കേഡറ്റ് കോളജിൽ പഠനത്തിനിടെ ഡേവിഡ് ഹെഡ്ലിയുമായി സൗഹൃദത്തിലായി. 1997-ൽ റാണയും ഭാര്യയും കാനഡയിൽ കുടിയേറിയ റാണ 2001-ൽ കനേഡിയൻ പൗരത്വം നേടി.
2009-ൽ ഡേവിഡ് ഹെഡ്ലിയോടൊപ്പം യുഎസിൽ അറസ്റ്റു ചെയ്യപ്പെട്ട റാണ മുംബൈ ആക്രമണത്തിന് മുൻപ് താജ് മഹൽ പാലസ് ഹോട്ടലിൽ താമസിച്ചിരുന്നുവെന്നു കണ്ടെത്തിയെങ്കിലും, അത് ബിസിനസിനായിരുന്നുവെന്നായിരുന്നു റാണയുടെ വാദം. എന്നാല്‍ തെളിവുകൾ റാണയ്‌ക്കെതിരായിരുന്നു .
തുടർന്ന്, 2011-ൽ യുഎസ് ഫെഡറൽ ജൂറി, ലഷ്‌കർ-ഇ-തോയ്ബയ്ക്ക് സഹായം നൽകിയതിന് റാണയെ കുറ്റക്കാരനായി കണ്ടെത്തി. 14 വർഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന റാണയെ, മുംബൈ ഭീകരാക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട കേസുകളിൽ കോടതി വിട്ടയച്ചു. എന്നാൽ, ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ പല ശ്രമങ്ങളും റാണ നടത്തി. ഫെഡറൽ കോടതി മുതൽ യുഎസ് സുപ്രീം കോടതി വരെ പൊരുതിനോക്കിയ റാണയുടെ വാദങ്ങളെല്ലാം തള്ളിയാണ് യു.എസ്.പരമോന്നത കോടതി ഇപ്പോൾ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ വിധിച്ചിരിക്കുന്നത്
ജനുവരി 21-നാണ് റാണയുടെ അവസാന ഹർജി യുഎസ് സുപ്രീം കോടതി തള്ളിയത്. “Petition DENIED” എന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ റാണ ഇപ്പോഴും തടവിലുണ്ട്.
റാണയെ മുംബൈ ഭീകരാക്രമണ കേസുകളിൽ പ്രതിയാക്കി വിചാരണ ചെയ്യാനുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വളരെ കാലത്തെ ശ്രമങ്ങൾക്ക് ഇപ്പോൾ ഫലം കണ്ടിരിക്കുന്നു .