തീരുവ കൊണ്ടും ഭീഷണി കൊണ്ടും ഇന്ത്യയെ നേരിടരുതെന്ന് റഷ്യ
മോസ്കോ: ഇന്ത്യയ്ക്ക് എതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യയെ പിന്തുണച്ച് റഷ്യ. യുക്രൈന് അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതിന്റെ പേരിലായിരുന്നു അമേരിക്കയുടെ വിമര്‍ശനം. റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ ചുമത്തിയിട്ടുള്ള തീരുവ വീണ്ടും വര്‍ധിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും മോസ്കോയ്ക്കും ഇന്ത്യയ്ക്കും എതിരായ ഇത്തരം ഭീഷണികള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങള്‍ക്ക് സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് ഇഷ്ടമുള്ള രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക സഹകരണത്തില്‍ ഏര്‍പ്പെടാം. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് രാജ്യങ്ങളെ സമ്മര്‍ദം ചെലുത്തുന്നത് ഭീഷണിയായി കാണേണ്ടി വരും. ഇത്തരം ഭീഷണികള്‍ നിയമപരമല്ല – ദിമിത്രി പെസ്കോവ് കൂടിചേര്‍ത്തു.
ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയുടെ മേല്‍ അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും താരിഫ് ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ ഏകപക്ഷീയമായ ഇത്തരം പ്രസ്താവനകള്‍ക്കെതിരേ കടുത്ത അതൃപ്തിയാണ് റഷ്യയും ഇന്ത്യയും പ്രകടിപ്പിച്ചത്.