വന്ദേ ഭാരത്; സുഖലോലുപം , സുരക്ഷിതം
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ ഗതാഗതം കൂടുതല്‍ ആകര്‍ഷകമാക്കിയ ട്രെയിന്‍ ആണ് വന്ദേഭാരത്. വേഗത കൊണ്ടും ആഡംബരം കൊണ്ടും കേമനായ ഈ ട്രെയിന്‍ വളരെ കുറഞ്ഞ ദൂരത്തില്‍ മാത്രമല്ല, ദീര്‍ഘദൂര സര്‍വീസും നടത്തുന്നുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്ററില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക വന്ദേഭാരത് ട്രെയിനുകളും 90 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര.
മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് അതിവേഗ റെയില്‍ പാത ഒരുക്കുന്നുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാകും ഈ പാത. അതു യാഥാര്‍ഥ്യമായാല്‍ വന്ദേഭാരതിന് പൂര്‍ണ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കും. രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഏതൊക്കെ എന്ന് നോക്കാം…
ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്ക് 1000 കിലോമീറ്ററാണ് ഏകദേശ ദൂരം. വന്ദേഭാരത് രാജ്യത്ത് നടത്തുന്ന സര്‍വീസുകളില്‍ ഏറ്റവും ദീര്‍ഘദൂരമുള്ള റൂട്ടാണിത്. 12 മണിക്കൂര്‍ എടുത്താണ് ഈ സര്‍വീസ് വന്ദേഭാരത് പൂര്‍ത്തിയാക്കിയത്. ഹോളി പോലുള്ള വിശേഷ വേളകളില്‍ മാത്രമാണ് ഇതുവരെ ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തിയത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ വരാണസിയിലേക്കമുള്ള ദൂരം 771 കിലോമീറ്ററാണ്. ഈ റൂട്ടിലെ വന്ദേഭാരതിന് എസി ചെയര്‍ ക്ലാസിന് 1820 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് മണിക്കൂര്‍ നീളുന്ന ഈ യാത്ര എക്‌സിക്യൂട്ടീവ് ക്ലാസില്‍ ആണെങ്കില്‍ 3370 രൂപയാകും ടിക്കറ്റ്. തമിഴ്‌നാട്ടിലെ എഗ്മൂറില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വന്ദേഭാരത് സര്‍വീസ് നടത്തുന്നത് 727 കിലോമീറ്ററാണ്. എട്ട് മണിക്കൂര്‍ 50 മിനുട്ട് എടുത്താണ് യാത്ര. 3260 രൂപ എക്‌സിക്യൂട്ടീവ് ക്ലാസിനും 1775 രൂപ എസി ചെയര്‍ കാറിനും വേണ്ടി വരും.
ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വിശാഖപട്ടണം-സിക്കന്തരാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എട്ട് മണിക്കൂര്‍ 55 മിനുട്ട് എടുക്കുന്നുണ്ട്. 699 കിലോമീറ്ററുള്ള ഈ പാതയില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3135 രൂപയും എസി ചെയറില്‍ 1680 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അജ്മീര്‍-ചണ്ഡീഗഡ് റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിന്‍ 678 കിലോമീറ്ററാണ് സര്‍വീസ് നടത്തുന്നത്. 8.35 മണിക്കൂര്‍ സമയം വേണ്ടി വരുന്ന യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3185 രൂപയും എസി ചെയറില്‍ 1735 രൂപയും ടിക്കറ്റിന് ചെലവ് വരും.
സെക്കന്തരാബാദ്-തിരുപ്പതി റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത് 661 കിലോമീറ്റര്‍ ആണ്. 8.25 മണിക്കൂറാണ് ഇതിന് വേണ്ടി വരുന്നത്. എക്‌സിക്യൂട്ടീവ് ചെയര്‍ ക്ലാസില്‍ 3095 രൂപയും എസി ക്ലാസില്‍ 1695 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ന്യൂഡല്‍ഹി-കത്ര വന്ദേഭാരത് 655 കിലോമീറ്റാണ് സര്‍വീസ്. 8.15 മണിക്കൂര്‍ വേണം ഈ യാത്രയ്ക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3065 രൂപയും എസി ക്ലാസില്‍ 1680 രൂപയുമാണ് ടിക്കറ്റ്.
ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നും അയോധ്യയിലേക്കുള്ള വന്ദേഭാരത് യാത്രയ്ക്ക് 8.15 മണിക്കൂറാണ് വേണ്ടത്. 629 കിലോമീറ്ററുള്ള ഈ യാത്രയ്ക്ക് എസി ക്ലാസില്‍ യാത്ര ചെയ്യാന്‍ 1640 രൂപ മതിയാകും. എന്നാല്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ ടിക്കറ്റിന് 2980 രൂപ വേണം.