വേടന് മുൻകൂർജാമ്യം; ആരോപണം ദുരുപദിഷ്ടമെന്നും കോടതി
ബലാൽസംഗ കേസിൽ റാപ്പർ വേടന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം. സോപാധിക ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗം കേസിലാണ് ജാമ്യം. യുവ ഡോക്ടർ ആണ് വേടനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. നേരത്തെ കേസിൽ വേടന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകൾ ഉണ്ടെന്നും ബന്ധം വഷളായതിനെ തുടർന്ന് ആരോപണങ്ങളുമായി മറ്റേയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഈയൊരു സാഹചര്യത്തിൽ മുൻകൂർ ജാമ്യം നിഷേധിച്ചാൽ നീതി നിഷേധം ആകുമെന്നും കോടതി കൂട്ടിച്ചേർത്തു. കേസെടുത്തത് മുതൽ ഒളിവിലാണ് വേടൻ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായതെന്നും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സംഗം എന്ന് വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്. എന്നാൽ വിവാഹ വാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ചു പോയെന്നും ഇതോടെ മാനസിക നില തകരാറിലായെന്നും ആണ് യുവതി പറയുന്നത്. കാലങ്ങളോളം ചികിത്സ തേടേണ്ടി വന്നു . ഏറെ കാലമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ആയതെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു.