ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു
കേരളത്തില്‍ ഒരു വ്‌ളോഗര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. പ്രസവം മുതലുള്ള ദിയ കൃഷ്ണയുടെ വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. ചെറിയൊരു പക്ഷം നെഗറ്റീവ് കമന്റുകള്‍ ഇടുമ്പോഴും ഭൂരിപക്ഷം പേരും കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോയെ പോസിറ്റീവ് ആയാണ് സമീപിക്കുന്നത്.
ദിയയുടെ വീഡിയോ പ്രസവത്തെക്കുറിച്ച് പല രീതിയിലുള്ള പുതിയ അറിവുകള്‍ നല്‍കിയെന്നാണ് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അഭിപ്രായപ്പെടുന്നത്. പ്രസവ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന കടുത്ത വേദനയും ഒരു ഗര്‍ഭിണി ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ പിന്തുണയുമൊക്കെ ഈ വീഡിയോയിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു എന്നാണ് പല പുരുഷന്മാരും അഭിപ്രായപ്പെടുന്നത്. ദിയയുടെ കുടുംബാംഗങ്ങളുടെ സ്‌നേഹവും ഇഴയെടുപ്പവും നിറഞ്ഞ മനസോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.
പ്രസവ വേദന കുറയ്ക്കാനുള്ള എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്തതിനെ കുറിച്ച് ദിയ തന്റെ പ്രസവ വീഡിയോയില്‍ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയെക്കുറിച്ച് വലിയ ചര്‍ച്ചകളും ഉണ്ടായി. ഇത് എന്താണെന്ന് വിശദീകരിച്ച് ഡോക്ടര്‍മാരും രംഗത്ത് വന്നിരുന്നു.
എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്ത ദിയ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുകയായിരുന്നു എന്ന വിമര്‍ശനങ്ങള്‍ ദുര്‍ബലമാവുകയും ചെയ്തു. എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്താലും ഒരു സ്ത്രീ പ്രസവസമയത്ത് കടന്നുപോകുന്ന സങ്കീര്‍ണതയെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഇപ്പോഴിതാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ദിയ കുഞ്ഞുവാവയുമായി വീട്ടിലേക്ക് വരുന്ന വീഡിയോയും അപ്ലോഡ് ചെയ്തിരിക്കുകയാണ്. വീട്ടിലെത്തിയ കുഞ്ഞിനെ കിടക്കാന്‍ പോലും സമ്മതിക്കാതെയാണ് കുടുംബാംഗങ്ങള്‍ എല്ലാവരും കൊഞ്ചിക്കുന്നത്.
കിച്ചു (കൃഷ്ണകുമാറിനെ വീട്ടില്‍ വിളിക്കുന്ന പേര്) പെണ്ണുങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുമ്പോഴാണ് ഓമി വരുന്നതെന്ന് സിന്ധു പറയുമ്പോള്‍ താന്‍ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയ്ക്കു പുറമേ എപ്പിസിയോടമി എന്ന വാക്കും ദിയ ഈ വീഡിയോയില്‍ പറയുന്നുണ്ട്. നോര്‍മല്‍ പ്രസവം നടക്കുന്ന എല്ലാവര്‍ക്കും ഇത് ചെയ്യുമെങ്കിലും ഇതിന്റെ മെഡിക്കല്‍ പദം പലര്‍ക്കും അറിയില്ല.
നോര്‍മല്‍ ഡെലിവറി അല്ലേ ചെയ്തതെന്നും എങ്ങനെ ഇത്രയും പെട്ടെന്ന് വീട് എത്തി എന്നും താഴെ സ്റ്റിച്ച് ഒന്നുമില്ലേ എന്നും പലരും കമന്റുകളില്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി പറഞ്ഞപ്പോഴാണ് ദിയ എപ്പിസിയോടമി എന്ന വാക്കിനെക്കുറിച്ച് വിശദീകരിക്കുന്നത്. നോര്‍മല്‍ പ്രസവ സമയത്ത് വജൈനല്‍ ഭാഗത്ത് നടത്തുന്ന ചെറിയൊരു കീറല്‍ പ്രക്രിയയെയാണ് എപ്പിസിയോടമി എന്നു പറയുന്നത്. പ്രസവം എളുപ്പമാക്കാനും കുഞ്ഞിന് എളുപ്പത്തില്‍ പുറത്തേക്ക് വരാനുമാണ് വജൈനല്‍ ഭാഗത്ത് ഈ കീറല്‍ നടത്തുന്നത്. തനിക്ക് 5 സ്റ്റിച്ച് ഉണ്ടെന്നും ദിയ പറയുന്നുണ്ട്. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് ഈ കീറല്‍ ഉണ്ടാക്കുന്നത്. രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഈ സ്റ്റിച്ചുകള്‍ പൂര്‍ണമായും ഉണങ്ങി പോവുകയും ചെയ്യും.
എനിക്ക് എല്ലാം പേടി ആയതുകൊണ്ട് തന്നെ ഡോക്ടറോട് 100 ചോദ്യം ചോദിച്ചുകൊണ്ടാണ് കിടക്കുന്നത്. ഗൈനക്കോളജിസ്റ്റ് പറഞ്ഞതെല്ലാം സത്യമായി വന്നുവെന്നും ദിയ പറയുന്നുണ്ട്.
ദിയ പറയുന്നതെല്ലാം കേട്ടുകൊണ്ട് കൃഷ്ണകുമാര്‍ കൗതുകത്തോടെ അടുത്ത് ഇരിക്കുന്നുണ്ട്. നല്ല മഴയുടെ പശ്ചാത്തലത്തില്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്നുകൊണ്ടാണ് കൃഷ്ണകുമാറും സിന്ധുവും ദിയയും സംസാരിക്കുന്നത്.
എനിക്ക് ഓസിയെ കുറിച്ച് ഓര്‍ത്ത് വലിയ അഭിമാനം ഉണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പണ്ട് സിന്ധു പോയ അതേ പ്രോസസിലൂടെയാണ് ഓസി ഇപ്പോള്‍ കടന്നുപോയത്. ഇഞ്ചക്ഷന്‍ എടുക്കാന്‍ പോലും പേടിയായിരുന്നവള്‍ ഇപ്പോള്‍ കടന്നു പോകുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു.